ദുബൈ– സോളോ യാത്രക്കാരുടെ ഇഷ്ട കേന്ദ്രമായി ദുബൈ മാറുന്നതായി പുതിയ സർവേ ഫലം. സോളോ യാത്രക്കാരുടെ ആദ്യ 10 ബക്കറ്റ് ലിസ്റ്റിൽ ദുബൈ ഉൾപെടുന്നതായാണ് ഹോളിഡേ സ്പെഷ്യലിസ്റ്റ് ട്രാവൽബാഗിന്റെ പുതിയ സർവെ ഫലം വ്യക്തമാക്കുന്നത്. ഇതോടെ ആഗോള ടൂറിസത്തിന്റെ ശക്തി കേന്ദ്രമായി വീണ്ടും ദുബൈ മാറിയിരിക്കുകയാണ്. ജപ്പാനും കാനഡയും സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യങ്ങളാണെങ്കിലും യാത്രക്കാരുടെ മനസ്സിൽ ഇടം പിടിക്കാൻ ദുബൈക്ക് പെട്ടന്ന് സാധിക്കുന്നുണ്ടെന്ന് സർവെ പറയുന്നു. ആഡംബരവും സമ്പന്നമായ സാംസ്കാരിക അനുഭവങ്ങളും യാത്രക്കാർക്ക് സമ്മാനിക്കാൻ ദുബൈക്ക് സാധിക്കാറുണ്ട്. സഞ്ചാരികളെ ആകർഷിക്കാൻ ഇത് കാരണമാകുന്നു.
1,000 യുകെ യാത്രക്കാരിലാണ് ഈ സർവെ നടത്തിയത്. 31 ശതമാനം ആളുകളും കാനഡയെ പിന്തുണക്കുമ്പോൾ 32 ശതമാനം ആളുകളും ജപ്പാനെയാണ് തെരഞ്ഞെടുത്തത്.
സോളോ യാത്രക്കാർക്ക് സുരക്ഷ പലപ്പോഴും ഒരു പ്രധാന ആശങ്കയാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായ ദുബൈ സോളോ യാത്രക്കാരുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമായി മാറുന്നു എന്ന് പറയാം. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, നല്ല വെളിച്ചമുള്ള തെരുവുകൾ, സുരക്ഷിതമായ പൊതുഗതാഗതം എന്നിവ കാരണം സമീപകാല പഠനങ്ങൾ സോളോ വനിതാ യാത്രക്കാരുടെ മികച്ച ലക്ഷ്യസ്ഥാനമായി ദുബൈയിയെ കണക്കാക്കുന്നു.



