ബുറൈദ – ട്രാഫിക് വകുപ്പുമായി സഹകരിച്ച് അല്‍ഖസീം പ്രവിശ്യ നഗരസഭ ബുറൈദയിലെ ഏതാനും പ്രധാന കവലകളില്‍ സ്മാര്‍ട്ട് ട്രാഫിക് സിഗ്നല്‍ സിസ്റ്റം നടപ്പാക്കുന്നു. തിരക്കേറിയ കവലകളില്‍ ഗതാഗത സാന്ദ്രതയെ അടിസ്ഥാനമാക്കി ഗതാഗത പ്രവാഹം യാന്ത്രികമായി കൈകാര്യം ചെയ്യാന്‍ ഈ സംവിധാനം നൂതന കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. റോഡ് കാര്യക്ഷമത മെച്ചപ്പെടുത്താനും യാത്രാ സമയം കുറക്കാനുമുള്ള അല്‍ഖസീം ഗവര്‍ണറും ഗതാഗത സുരക്ഷാ സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ ഡോ. ഫൈസല്‍ ബിന്‍ മിശ്അല്‍ രാജകുമാരന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബുറൈദയില്‍ സ്മാര്‍ട്ട് സിഗ്നലുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അല്‍ഖസീം നഗരസഭ സൂചിപ്പിച്ചു.
ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും പുതിയ സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. എമര്‍ജന്‍സി വാഹനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട് സെന്‍സറുകള്‍ വഴി അത്തരം വാഹനങ്ങളുടെ നീക്കവും ഇത് സുഗമമാക്കുന്നു. ഇത് അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണ വേഗത വര്‍ധിപ്പിക്കുന്നു.


നോര്‍ത്തേണ്‍ റിംഗ് റോഡില്‍ കിംഗ് അബ്ദുല്ല റോഡും കിംഗ് സൗദ് റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. അല്‍ബയാരിഖ് റോഡിലെ സിഗ്നലുകളിലും നഗരത്തിലെ മറ്റ് പ്രധാന കവലകളിലും ഇത് നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടന്നുവരികയാണ്.
ട്രാഫിക് സിഗ്നലുകളില്‍ കാത്തിരിപ്പ് സമയം കുറക്കാനും തുടര്‍ച്ചയായ കവലകളില്‍ ഗ്രീന്‍ വേവ് സാങ്കേതികവിദ്യ സജീവമാക്കാനും സ്മാര്‍ട്ട് സിഗ്നല്‍ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ട്രാഫിക് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ഗതാഗത ഗുണനിലവാരത്തെയും റോഡ് ഉപയോക്താക്കളുടെ സുഖത്തെയും ഗുണപരമായി സ്വാധീനിക്കും.



