അബുദാബി– ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകകേന്ദ്രങ്ങളിലൊന്നായ അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ സന്ദർശകരുടെ എണ്ണം വീണ്ടും ഉയർന്നു. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ മാത്രമായി 43,46,831 ആളുകളാണ് പള്ളി സന്ദർശിച്ചത്.
കഴിഞ്ഞ വർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ അഞ്ചുശതമാനം വർധന രേഖപ്പെടുത്തി. സന്ദർശകരിൽ 18 ശതമാനം സ്വദേശികളും 82 ശതമാനം പേർ വിദേശികളുമാണ്.
വിദേശികളിൽ കൂടുതൽപ്പേരും ഏഷ്യൻ രാജ്യക്കാരാണ്. ഇതിൽ 19,48,482 വിശ്വാസികളും, 23,55,165 സന്ദർശകരും ഉൾപ്പെടുന്നു. കൂടാതെ 43,184 പേർ പള്ളിയിലെ വ്യായാമ പാതകളും ഉപയോഗിച്ചു.
വെള്ളിയാഴ്ചകളിലെ പ്രാർഥനകൾക്ക് 1,27,672 വിശ്വാസികളും ദിവസേനയുള്ള പ്രാർഥനകളിൽ 3,46,671 പേരും റംസാനിലും ബലിപെരുന്നാളിലുമായി 5,75,372 പേരും ഗ്രാൻഡ് മോസ്കിൽ ഒത്തുചേർന്നു. റംസാനിലെ 27-ാം രാവിൽ മാത്രമായി 72,710 വിശ്വാസികൾ മോസ്കിലെത്തി.
പുണ്യമാസത്തിലെ ‘ഔർ ഫാസ്റ്റിങ് ഗസ്റ്റ്‌സ്’ സംരംഭത്തിന്റെ ഭാഗമായി വിവിധ പങ്കാളികളുമായി സഹകരിച്ച് 26 ലക്ഷം ഇഫ്താർ ഭക്ഷണം വിതരണംചെയ്തു. ബലിപെരുന്നാൾ അവധിദിനങ്ങളിൽ 96,497 വിശ്വാസികളെ സ്വീകരിച്ചിട്ടുമുണ്ട്. 9,88,411 വാഹനങ്ങൾ മോസ്കിന്റെ പാർക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. ആഗോളതലത്തിലെ പ്രശസ്തമായ മത-സാംസ്കാരിക കേന്ദ്രമെന്നനിലയിലെ മോസ്കിന്റെ പദവി ഉയർത്തുന്നതാണ് പുതിയ കണക്കുകൾ.
വിവിധരാഷ്ട്രത്തലവന്മാർ, വൈസ് പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, പാർലമെന്റ് സ്പീക്കർമാർ, ഗവർണർമാർ, സ്ഥാനപതികൾ, സൈനിക ഉദ്യോഗസ്ഥർ ഉൾപ്പടെ ഒട്ടേറെ പ്രമുഖരുംആദ്യപകുതിയിൽ മോസ്ക് സന്ദർശിച്ചു.
സന്ദർശകർക്ക് ഗ്രാൻഡ് മോസ്കിനെ പരിചയപ്പെടുത്തുന്ന സാംസ്കാരിക ടൂർ സേവനങ്ങളും ഒട്ടേറെ ആളുകൾ ഉപയോഗിച്ചു.

