ദുബൈ – കുടുംബങ്ങള്‍, വിശ്വാസം, വ്യവസായം, സമ്പത്ത് എന്നിവ പൂര്‍ണ്ണമായും സുരക്ഷിതമായ തകര്‍ക്കാന്‍ കഴിയാത്ത കോട്ടയായി യു.എ.ഇ മാറിയിരിക്കുന്നതായി യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ . സ്വദേശി പൗരന്മാര്‍ക്കും യു.എ.ഇയിലേക്ക് ഓരോ ദിവസവും താമസം മാറുന്ന കോടീശ്വരന്മാര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രവാസി നിവാസികള്‍ക്കും ശക്തമായ ഉറപ്പ് നല്‍കുന്ന സന്ദേശം ദുബൈയില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ശൈഖ് സെയ്ഫ് നല്‍കി. വിഷമിക്കേണ്ട, നിങ്ങളുടെ കുടുംബം, നിങ്ങളുടെ വിശ്വാസം, നിങ്ങളുടെ വ്യവസായം, നിങ്ങളുടെ സമ്പത്ത് എന്നിവ സുരക്ഷിതമാണ്. യു.എ.ഇ തകര്‍ക്കാന്‍ കഴിയാത്ത കോട്ടക്കുള്ളില്‍ നിങ്ങള്‍ സുരക്ഷിതരാണ്.
കഴിഞ്ഞ വര്‍ഷം 9,800 കോടീശ്വരന്മാര്‍ യു.എ.ഇയിലെത്തി. ലോകത്തിലെ മുന്‍നിര സാമ്പത്തിക കാന്തം എന്ന സ്ഥാനം യു.എ.ഇ നിലനിര്‍ത്തി. നിലവില്‍, രാജ്യത്ത് 240,000 ലേറെ കോടീശ്വരന്മാരുണ്ട്. അവരുടെ മൊത്തം സമ്പത്ത് 785 ബില്യണ്‍ ഡോളറിലധികമാണ്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ, ഈ കോട്ട അജയ്യമായി നിലനിര്‍ത്തുന്നത് ഉറപ്പാക്കുന്ന രക്ഷാധികാരിയായി ശൈഖ് സെയ്ഫ് വിശേഷിപ്പിച്ചു.
സ്ഥിരതക്ക് വളരെ ഉയര്‍ന്ന വില നല്‍കേണ്ടതുണ്ട്. പക്ഷേ, അതിന്റെ പ്രതിഫലങ്ങള്‍ വളരെയധികം വിലപ്പെട്ടതാണ്. ഓരോ സ്ഥിരതയുള്ള കുടുംബത്തിനും പിന്നില്‍ തന്റെ കുടുംബത്തിന്റെ സുരക്ഷയും സ്ഥിരതയും മാത്രം ലക്ഷ്യം വെക്കുന്ന വിവേകശാലിയും ധീരനുമായ ഒരു രക്ഷാധികാരിയുണ്ട്. യു.എ.ഇ ആകുന്ന മഹത്തായ കുടുംബത്തെ, രാജ്യത്തിന്റെ തകര്‍ക്കാനാവാത്ത കോട്ടയെ വിവേകത്തോടും ധൈര്യത്തോടും കൂടി നയിക്കുന്ന പോരാളിയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്. വ്യവസായവും സാങ്കേതിക നേതൃത്വവും, സമഗ്രമായ പ്രതിരോധവും സംയോജനവും, എല്ലാറ്റിനുമുപരി, യോജിച്ച കുടുംബവും മാന്യമായ മൂല്യങ്ങളും എന്നിവ യു.എ.ഇ ആകുന്ന കോട്ടയെ തകര്‍ക്കാനാവാത്തതാക്കുന്ന മൂന്ന് അടിസ്ഥാന സ്തംഭങ്ങളാണ്. കോട്ടകളുടെ ശക്തി കല്ലുകളിലും നിര്‍മ്മാണ സാമഗ്രികളിലും മാത്രമല്ല, അത് അവയുടെ നേതൃത്വത്തിലും അവ ശക്തിപ്പെടുത്തുകയും അവയാല്‍ ശക്തിപ്പെടുകയും ചെയ്ത ആളുകളിലുമാണ്. ഡാറ്റക്കും കൃത്രിമ ബുദ്ധിക്കുമുള്ള ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ലക്ഷ്യസ്ഥാനമായി യു.എ.ഇ സ്വയം സ്ഥാനം പിടിച്ചിരിക്കുന്നു. എ.ഐ ദത്തെടുക്കല്‍ സൂചികയില്‍ ആഗോള തലത്തില്‍ യു.എ.ഇ മുന്‍നിരയിലെത്തിയിരിക്കുന്നു. ശുദ്ധമായ ഊര്‍ജം, ചിപ്പുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മോഡലുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിങ്ങിനെ അഞ്ച് നിര്‍ണായക സ്തംഭങ്ങളിലൂടെ രാജ്യം കൃത്രിമ ബുദ്ധി പിരമിഡ് പൂര്‍ത്തിയാക്കിയതായി ശൈഖ് സെയ്ഫ് വെളിപ്പെടുത്തി.
നിയമത്താല്‍ സംരക്ഷിക്കപ്പെട്ട എംബസികള്‍ കൈകാര്യം ചെയ്യുന്നതുപോലെ തന്നെ രാജ്യങ്ങളുടെയും കമ്പനികളുടെയും ഡാറ്റ കൈകാര്യം ചെയ്യുമെന്നതിനാല്‍ ലോകം യു.എ.ഇയെ വിശ്വസിക്കുന്നു. രാജ്യത്തിലുള്ള ആഗോള ആത്മവിശ്വാസം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രീകൃത സൗരോര്‍ജം, ആണവോര്‍ജ ഉല്‍പാദനം, അലൂമിനിയം നിര്‍മ്മാണം എന്നിവയില്‍ രാജ്യം പ്രധാന ആഗോള ശക്തിയാണ്. ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ദര്‍ശനം യു.എ.ഇയുടെ വ്യാവസായിക ഐഡന്റിറ്റി രൂപപ്പെടുത്തി. പ്രസിഡന്റിന്റെ വിവേകം രാജ്യത്തിന്റെ സാമ്പത്തിക ഭാവിയില്‍ കൃത്രിമബുദ്ധിയെ കേന്ദ്രബിന്ദുവാക്കി. എണ്ണയിതര വിദേശ വ്യാപാരം 26 ശതമാനത്തിലധികം ഉയര്‍ന്ന് ഒരു ട്രില്യണ്‍ ഡോളര്‍ കവിഞ്ഞു. നേരത്തെ നിശ്ചയിച്ചതിലും അഞ്ച് വര്‍ഷം മുമ്പ് ഈ ലക്ഷ്യം നേടിയെടുക്കാനായി. 264 മത്സരക്ഷമതാ സൂചകങ്ങളില്‍ യു.എ.ഇ ഇപ്പോള്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്താണ്. യു.എ.ഇ 180 ലധികം രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. എണ്ണയിതര വ്യാപാര ലക്ഷ്യം അഞ്ച് വര്‍ഷം മുമ്പ് കൈവരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞതിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന് ശൈഖ് സെയ്ഫ് നന്ദി പറഞ്ഞു. ടെന്റുകളിലെ ആദ്യകാല വിദ്യാഭ്യാസം മുതല്‍ ബഹിരാകാശത്ത് എത്തുന്നത് വരെ രാജ്യം എങ്ങിനെ പരിണമിച്ചുവെന്ന് യു.എ.ഇയുടെ ശ്രദ്ധേയമായ പരിവര്‍ത്തനം സൂചിപ്പിച്ച് ശൈഖ് സെയ്ഫ് ചൂണ്ടിക്കാട്ടി..
മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററിലെ എം.ബി.ഇസഡ് സാറ്റ് ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതിയില്‍ രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. സാമ്പത്തികമായും സാങ്കേതികമായും മികവ് പുലര്‍ത്തുമ്പോള്‍ തന്നെ, ആഗോള സമാധാനത്തിന്റെ ചാമ്പ്യനായും ലോകമെമ്പാടും മാനുഷിക സഹായങ്ങളുടെ മുന്‍നിര ദാതാവായും യു.എ.ഇ സ്വയം പ്രതിഷ്ഠിച്ചു. ശൈഖ് മുഹമ്മദിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം ഒന്നിലധികം സംഘര്‍ഷ മേഖലകളിലെ സമാധാന ശ്രമങ്ങള്‍ക്ക് യു.എ.ഇ പ്രശംസനീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മുപ്പതിലധികം രാജ്യങ്ങള്‍ക്ക് സഹായം നല്‍കിയ യു.എ.ഇ ആഗോളതലത്തില്‍ ഏറ്റവുമധികം മാനുഷിക സഹായം നല്‍കുന്ന മൂന്നാമത്തെ രാജ്യമാണ്. ഗാസക്ക് മാത്രം 300 കോടിയിലേറെ ഡോളറിന്റെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് ഗാസക്കുള്ള മൊത്തം ആഗോള സഹായത്തിന്റെ 46 ശതമാനമാണ്. 150 ടണ്ണിലധികം സാധനങ്ങള്‍ ഗാസയിലെത്തിച്ച യു.എ.ഇ, ആറ് ജലശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍മിച്ചുനല്‍കിയിട്ടുമുണ്ട്. കുടുംബം മൂല്യങ്ങളുടെയും സ്വത്വത്തിന്റെയും ദേശസ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ഉള്‍പ്പെടലിന്റെയും ഉറവിടമാണ്, അമ്മയാണ് അതിന്റെ മൂലക്കല്ല് -ദേശീയ ശക്തിയുടെ മൂലക്കല്ലായി കുടുംബത്തിന്റെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് ശൈഖ് സെയ്ഫ് പറഞ്ഞു.
അറിവ്, സഹിഷ്ണുത, നിയമവാഴ്ച എന്നിവ രാജ്യമാകുന്ന കോട്ടക്കുള്ളില്‍ ശാശ്വത സമാധാനം സൃഷ്ടിക്കുമെന്ന് യു.എ.ഇ വിശ്വസിക്കുന്നു. ഇന്നത്തെയും നാളെയുടെയും അവസരങ്ങളും വെല്ലുവിളികളും എന്തുതന്നെയായാലും യു.എ.ഇയാകുന്ന കോട്ടയുടെ ശക്തി നിങ്ങളാണ്. സായിദിന്റെ മക്കളും മുഹമ്മദ് ബിന്‍ സായിദിന്റെ സഹോദരന്മാരുമായ നിങ്ങളിലൂടെ, യു.എ.ഇ കോട്ട കൂടുതല്‍ ശക്തവും സ്ഥിരതയുള്ളതുമായി വളരുന്നു. യു.എ.ഇയുടെ ആദ്യകാലങ്ങളില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നല്‍കിയ പിന്തുണക്ക് ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ കുവൈത്തിന് നന്ദി പറഞ്ഞു.



