ദുബായ്- വ്യാഴാഴ്ച രാത്രി ഷാർജയിലെ അൽ നഹ്ദ ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് മരിച്ചവരിൽ രണ്ടു ഇന്ത്യക്കാരും. ഇന്ത്യക്കാർ അടക്കം അഞ്ചു പേരാണ് ദുരന്തത്തിൽ മരിച്ചത്.
ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ (ഡിഡബ്ല്യുടിസി) ഡിഎക്സ്ബി ലൈവ് ജീവനക്കാരനായ മൈക്കിൾ സത്യദാസാണ് മരിച്ചവരിൽ ഒരാൾ. പ്രശസ്ത സൗണ്ട് എൻജിനീയർ കൂടിയായ ഇദ്ദേഹം ബ്രൂണോ മാർസ്, എആർ റഹ്മാൻ തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള സംഗീതപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
മരിച്ചവരിൽ മറ്റൊരാൾ മുംബൈയിൽനിന്നുള്ളള൨൯-കാരിയാണ്. അവരുടെ ഭർത്താവ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിയിലാണ്. അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമാണ്.
മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടുവെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
750 അപ്പാർട്ട്‌മെന്റുകളുള്ള കെട്ടിട സമുച്ചയത്തെയാണ് അഗ്നി വിഴുങ്ങിയത്. 44 പേർക്കാണ് പരിക്കേറ്റത്.
മരിച്ച യുവതിയുടെ വിവാഹം നടന്നത് ഈയിടെയായിരുന്നു. ഇരുവരുടെയും വിവാഹം മദീനയിൽ വെച്ചായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹം. ഇതിന് ശേഷമാണ് നഹ്ദയിലെ ഫ്ലാറ്റിലേക്ക് താമസം മാറ്റിയത്.
നടപടിക്രമങ്ങൾക്ക് ശേഷം യുവതിയുടെ സംസ്‌കാരം യു.എ.ഇയിൽ നടത്തുമെന്ന് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.