തായിഫ്– സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി-2026 തായിഫ് സെൻട്രൽ കമ്മിറ്റി തല അംഗത്വ കാമ്പയിന് തുടക്കമായി. 2026 ഡിസംബർ 15 വരെയാണ് അംഗത്വ കാമ്പയിന്റെ കാലാവധി.
2014 ൽ തുടക്കം കുറിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ പാതിവഴിയിൽ വീണുപോയ ഒട്ടേറെ കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറിയതിൻ്റെ നിരവധി അനുഭവ സാക്ഷ്യങ്ങളാണ് ഒരു വ്യാഴവട്ടത്തിനിടയിൽ കാണാൻ കഴിഞ്ഞത്. ഓരോ വർഷവും പദ്ധതിയിൽ ചേരുന്നവരുടെ അംഗസംഖ്യ വർധിക്കുന്നതും ഈ പദ്ധതിയുടെ വിശ്വാസ്യതയാണ് കാണിക്കുന്നത്.
സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹലഗ ഏരിയാ ഭാരവാഹി അബ്ദുൽ അസീസ് റഹ്മാനിക്ക് ഫോം നൽകിക്കൊണ്ട് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇൻചാർജ് അബ്ദുൽ സലാം പുല്ലാളൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് താനാളൂർ, മുജീബ് കോട്ടക്കൽ, സലാം മുള്ളമ്പാറ, അബ്ബാസ് രാമപുരം, ഏരിയാ ഭാരവാഹികളായ ഹസ്സൻ മുസ്‌ലിയാർ, അബ്ദുറഹ്മാൻ മുസ്‌ലിയാർ, മജീദ് കൊയിലാണ്ടി, അലിയാർ കോതമംഗലം , കാസിം ഇരുമ്പുഴി, ഹാഷിം തിരുവനന്തപുരം, നംഷീദ്, റസാഖ് കൊട്ടപ്പുറം, സുനീർ ആനമങ്ങാട്, കരീം കോട്ടക്കൽ എന്നിവർ പങ്കെടുത്തു.