ജിദ്ദ – ഇന്ന് (ശനിയാഴ്ച) മുതല്‍ ദുബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) അറിയിച്ചു. വിമാന സർവീസുകൾ ആദ്യം പരിമിതമായ ഷെഡ്യൂളിലായിരിക്കും പുനരാരംഭിക്കുകയെന്നും സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, അമ്മാന്‍, കുവൈത്ത്, അബുദാബി, ദുബൈ, ദോഹ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ മാര്‍ച്ച് 8 ഞായറാഴ്ച രാത്രി 11:59 വരെ നിര്‍ത്തിവെച്ചതായും മോസ്‌കോയിലേക്കും പെഷവാറിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മാര്‍ച്ച് 15 വരെ റദ്ദാക്കിയതായും ഇന്നലെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചിരുന്നു.
ചില വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്നും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ടുള്ള അന്തിമ തീരുമാനങ്ങൾ എടുത്താലുടൻ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി. ബുക്കിംഗുകളുമായി ബന്ധപ്പെട്ട ആശയവിനിമയ ചാനലുകള്‍ വഴി യാത്രക്കാരെ അപ്ഡേറ്റുകളെ കുറിച്ച് അറിയിക്കുന്നത് തുടരും. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് തങ്ങളുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് യാത്രക്കാര്‍ പരിശോധിക്കണമെന്നും സൗദിയ അഭ്യര്‍ഥിച്ചു.
യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ മാര്‍ച്ച് 9 ന് രാത്രി രാത്രി 11:59 വരെ നിര്‍ത്തിവെക്കാന്‍ ഫ്ളൈ നാസ് തീരുമാനിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാര്‍ വിമാന സര്‍വീസ് സ്റ്റാറ്റസ് വെബ്സൈറ്റില്‍ പരിശോധിക്കണമെന്ന് കമ്പനി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. സഹായത്തിനായി ഔദ്യോഗിക ചാനലുകള്‍ വഴി ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെടാമെന്നും കൂട്ടിച്ചേര്‍ത്തു.
ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് സംഭവവികാസങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഔദ്യോഗിക ചാനലുകള്‍ വഴി അപ്ഡേറ്റുകള്‍ യാത്രക്കാരെ ഉടന്‍ അറിയിക്കുമെന്നും ഫ്ളൈ നാസ് സ്ഥിരീകരിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് എയര്‍ലൈന്‍ ആവര്‍ത്തിച്ചു. ഈ അസാധാരണ സാഹചര്യങ്ങളില്‍ യാത്രക്കാരുടെ സഹകരണത്തിന് ഫ്‌ളൈ നാസ് നന്ദി അറിയിച്ചു.



