ജിദ്ദ: സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള അക്വാപവറിന് യാമ്പുവിൽ നടപ്പാക്കുന്ന ലോകത്തെ ഏറ്റവും വലിയ സംയോജിത ഗ്രീൻ ഹൈഡ്രജൻ-ഗ്രീൻ അമോണിയ പദ്ധതിക്ക് എൻജിനീയറിംഗ് സേവനങ്ങൾ നൽകാൻ ചൈനയുടെ സിനോപെക് (ചൈന പെട്രോളിയം ആൻഡ് കെമിക്കൽ കോർപ്പറേഷൻ) കരാർ ഒപ്പുവെച്ചു. കാറ്റിലും സൗരോർജത്തിലും പ്രവർത്തിക്കുന്ന ഈ പദ്ധതി പ്രതിവർഷം 4,00,000 ടൺ ഗ്രീൻ ഹൈഡ്രജനും 28 ലക്ഷം ടൺ ഗ്രീൻ അമോണിയയും ഉൽപ്പാദിപ്പിക്കും. 2030-ൽ പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സിനോപെക് അറിയിച്ചു.
ഗ്രീൻ അമോണിയ, കാർബൺ രഹിത ഇന്ധനമായും ഹൈഡ്രജൻ കൊണ്ടുപോകാനും സംഭരിക്കാനും ഉപയോഗിക്കാവുന്ന രാസവസ്തുവാണ്. ഇത് കാർബൺ രഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ പ്രധാന ഘടകമാണ്. സൗദി അറേബ്യയുടെ വിഷൻ 2030-ന്റെ ഭാഗമായി, സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും രാജ്യത്തെ ആഗോള ഊർജ കേന്ദ്രമാക്കി മാറ്റാനും ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ വൻനിക്ഷേപങ്ങൾ നടത്തുന്നു.
സൗദി അറേബ്യ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തിലും കയറ്റുമതിയിലും ആഗോള നേതൃത്വം ലക്ഷ്യമിടുന്നു. വരും വർഷങ്ങളിൽ ബില്യൺ ഡോളർ നിക്ഷേപങ്ങളോടെ, സൗദി അറേബ്യ ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ ആഗോള ശക്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.