മക്ക: ഹാജിമാര്‍ക്ക് ഏറ്റവും നൂതനമായ ചികിത്സാ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇത്തവണ ആദ്യമായി മെഡിക്കല്‍ റോബോട്ടും ഉപയോഗിക്കുന്നു. മക്ക ഹെല്‍ത്ത് ക്ലസ്റ്ററിനു കീഴിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലാണ് ഡാവിഞ്ചി സി ഉപകരണം ഉപയോഗിച്ച് നൂതന റോബോട്ടിക് ശസ്ത്രക്രിയ ആരംഭിച്ചത്.
ശസ്ത്രക്രിയാ സേവനങ്ങളുടെ ഗുണനിലവാരത്തിലെ ഗുണപരമായ കുതിച്ചുചാട്ടമാണിത്. നൂതനാശയങ്ങളെയും ആധുനിക സാങ്കേതികവിദ്യകളെയും അടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിചരണത്തിനുള്ള മുന്‍നിര റഫറല്‍ കേന്ദ്രമെന്ന നിലയില്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുന്നു.
തൊറാസിക് സര്‍ജറിയില്‍ റോബോട്ടിക് നടപടിക്രമങ്ങള്‍ ഉപയോഗിച്ചാണ് പുതിയ സേവനം ആരംഭിച്ചതെന്ന് മക്ക ഹെല്‍ത്ത് ക്ലസ്റ്റര്‍ പറഞ്ഞു. വിവിധ തരം ഓങ്കോളജി സര്‍ജറികള്‍, യൂറോളജി, ഗൈനക്കോളജിക്കല്‍ ഓങ്കോളജി, കാര്‍ഡിയാക് സര്‍ജറി, അവയവം മാറ്റിവെക്കല്‍ തുടങ്ങി നിരവധി ശസ്ത്രക്രിയകള്‍ ഉള്‍പ്പെടുത്തി കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ മെഡിക്കല്‍ എക്‌സലന്‍സ് സെന്ററുകളിലെ സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കാനുള്ള തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണിത്.
3-ഡി ക്യാമറ നല്‍കുന്ന ഉയര്‍ന്ന കൃത്യതയും കുറഞ്ഞ ഇടപെടലോടെ ശരീരത്തിന്റെ സങ്കീര്‍ണമായ ഭാഗങ്ങളില്‍ കൃത്യമായി പ്രവേശിക്കാനുള്ള കഴിവുമാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ സവിശേഷത. ഇത് ശസ്ത്രക്രിയക്കു ശേഷമുള്ള വേദന കുറക്കാനും വേഗത്തിലുള്ള വീണ്ടെടുക്കലിനും പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് രോഗിയെ ആശുപത്രിയില്‍ നിന്ന് വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യാനും സഹായിക്കും. ശസ്ത്രക്രിയാ ഇടപെടലിന്റെ വ്യാപ്തിയിലും ഈ പുതിയ സാങ്കേതികവിദ്യ ഒരു പ്രധാന മാറ്റത്തെ പ്രതിനിധീകരിക്കുന്നു. പരമ്പരാഗത ശസ്ത്രക്രിയകള്‍ക്ക് 10 സെന്റീമീറ്റര്‍ വരെ മുറിവുകള്‍ ആവശ്യമാണ്. അതേസമയം റോബോട്ടിക് ശസ്ത്രക്രിയയില്‍ ഒരു സെന്റീമീറ്ററില്‍ കൂടാത്ത മുറിവുകള്‍ പര്യാപ്തമാണ്. ഇത് പാര്‍ശ്വഫലങ്ങള്‍ കുറക്കുകയും ശസ്ത്രക്രിയാ ഫലങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മുപ്പതു വയസ് പ്രായമുള്ള രോഗിക്കാണ് ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. ഇടതു നെഞ്ചിലെ അറയില്‍ ആവര്‍ത്തിച്ചുള്ള വായു അടിഞ്ഞുകൂടല്‍ മൂലം രോഗിക്ക് തുടര്‍ച്ചയായ ശ്വസന ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. പരിശോധനയില്‍ ഇടതു ശ്വാസകോശത്തിന്റെ മുകള്‍ ഭാഗത്തും താഴെ ഭാഗത്തും സിസ്റ്റുകള്‍ കണ്ടെത്തി. സര്‍ജിക്കല്‍ റോബോട്ട് ഉപയോഗിച്ച് ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന അതിലോലമായ ശസ്ത്രക്രിയയിലൂടെ ഈ സിസ്റ്റുകള്‍ വിജയകരമായി നീക്കം ചെയ്യുകയും ശ്വാസകോശം നെഞ്ചിന്റെ ഭിത്തിയില്‍ ചേര്‍ത്തുവെക്കുകയും ചെയ്തു.
റോബോട്ടും മിനിമലി ഇന്‍വേസീവ് എന്‍ഡോസ്‌കോപ്പിയും ഉപയോഗിച്ച് തൊറാസിക്, ഈസോഫഗസ്, ഗ്യാസ്ട്രിക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. മിത്അബ് അല്‍സായിദിയുടെ നേതൃത്വത്തില്‍ തൊറാസിക് സര്‍ജറി അസിസ്റ്റന്റ് കണ്‍സള്‍ട്ടന്റ് ഡോ. അയ്മന്‍ ജഅ്ഫറിന്റെ സഹായത്തോടെ, അനസ്‌തേഷ്യ, നഴ്‌സിംഗ് വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക സംഘവുമായി സഹകരിച്ച് നടത്തിയ ഈ ശസ്ത്രക്രിയ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ ഇത്തരത്തില്‍ പെട്ട ആദ്യത്തെ നേട്ടമാണ്. മെഡിക്കല്‍, സാങ്കേതിക ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന തലത്തിലുള്ള സുസജ്ജത ഇത് വ്യക്തമാക്കുന്നു.
ചികിത്സാനുഭവം രാജ്യത്തും മേഖലയിലുടനീളവും അനുകരിക്കാവുന്ന മാതൃകയാക്കാനും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഏറ്റവും പുതിയ ശാസ്ത്രീയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും നൂതനവും സുരക്ഷിതവുമായ ആരോഗ്യ സേവനങ്ങള്‍ നല്‍കാനുമുള്ള കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയുടെ നിരന്തരമായ പ്രതിബദ്ധതക്ക് റോബോട്ടിക് ശസ്ത്രക്രിയാ സമാരംഭം അടിവരയിടുന്നു.