റിയാദ്– സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടിയായ റിയാദ് സീസണിന് കൂറ്റൻ പരേഡോടെ തുടക്കം. കിംഗ്ഡം അരീനക്കും ബുളിവാർഡ് സിറ്റിക്കുമിടയിൽ നടന്ന പരേഡ് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. മെസിസ് ന്യൂയോർക്കുമായി സഹകരിച്ചാണ് പരേഡ് സംഘടിപ്പിച്ചത്. വൈകുന്നേരം നാലു മണിക്ക് ആരംഭിച്ച പരേഡിൽ 25 വലിയ ബലൂണുകൾ, 25 ൽ അധികം ഫ്ളോട്ടുകൾ എന്നിവയും 3,000 നർത്തകരും കലാകാരന്മാരും പരേഡിൽ അണിനിരന്നു. 130 ലേറെ രാജ്യങ്ങളിൽ നിന്നുള്ള രണ്ടു കോടിയിലേറെ സന്ദർശകരെയാണ് ഇത്തവണത്തെ റിയാദ് സീസൺ ലക്ഷ്യമിടുന്നത്.
ഇന്തോനേഷ്യ, കുവൈത്ത്, ദക്ഷിണ കൊറിയ എന്നീ മൂന്ന് പുതിയ രാജ്യങ്ങൾ കൂടി ഈ വർഷത്തെ റിയാദ് സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി, ഖത്തരി, ഇമാറാത്തി, ലെവന്റൈൻ (ശാം), അന്താരാഷ്ട്ര നാടകങ്ങൾ എന്നിവ ഈ സീസണിൽ അവതരിപ്പിക്കും. റിയാദ് സീസൺ പ്രദേശങ്ങളിൽ ഇത്തവണ 20 കോടിയിലേറെ പൂക്കൾ നടും. ഇത് റെക്കോർഡാണ്. റിയാദ് സീസണിലൂടെ ആദ്യമായി അമേരിക്കൻ ഫുട്ബോൾ മത്സരം സൗദിയിൽ നടക്കും. റമദാൻ കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ റിയാദ് സീസൺ കാലയളവ് കുറവായിരിക്കുമെങ്കിലും കഴിഞ്ഞ കൊല്ലത്തെ റെക്കോർഡ് ഈ സീസണിൽ തകർക്കാനാണ് ലക്ഷ്യമിടുന്നത്.


ഇത്തവണത്തെ റിയാദ് സീസണിൽ 2,100 കമ്പനികൾ പങ്കെടുക്കുന്നു. ഇതിൽ ഏകദേശം 95 ശതമാനവും പ്രാദേശിക കമ്പനികളാണ്. ഇതുകൂടാതെ 4,200 കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. 11 വിനോദ മേഖലകളും 15 അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളും 34 പ്രദർശനങ്ങളും ഉത്സവങ്ങളും ഈ സീസണിൽ ഉൾപ്പെടും. പ്രധാന പ്രധാനപരിപാടികൾ കൂടാതെ മറ്റ് ചെറിയ ഇവന്റുകളും ഉണ്ടാകും. നാലു മാസത്തിനുള്ളിൽ 7,000 ലേറെ വ്യത്യസ്ത ഇവന്റുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ സീസണിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഇൻഫ്ളുവൻസറായ മിസ്റ്റർ ബീസ്റ്റുമുണ്ടാകും. ഹിത്തീൻ ഡിസ്ട്രിക്ടിൽ ബുളിവാർഡിന് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. മിസ്റ്റർ ബീസ്റ്റിന്റെ പങ്കാളിത്തത്തോടെയുള്ള പാർക്കിൽ 40 ലേറെ കടകളും റെസ്റ്റോറന്റുകളും 15 മോഷൻ ഗെയിമുകളും 12 അനുഭവങ്ങളും ഉൾപ്പെടുന്നു. ഈ പാർക്കിന്റെ ഉദ്ഘാടനത്തിലും പ്രമോഷനിലും മിസ്റ്റർ ബീസ്റ്റ് പങ്കെടുക്കും. ഇവിടെ ദിവസേന മത്സരങ്ങളും സമ്മാനങ്ങളും ഉണ്ടായിരിക്കും.
റിയാദ് സീസണിൽ 15ലധികം തിയേറ്ററുകളും രണ്ട് അരീനകളും ഉൾപ്പെടുന്നു. അരീനകളിൽ ഒന്ന് അറബ് ബാങ്ക് അരീനയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ ടെന്നീസ് ടൂർണമെന്റുകളിൽ ഒന്നായ സിക്സ് കിംഗ്സ് സ്ലാം ഉൾപ്പെടെ അഞ്ച് പ്രധാന ഇവന്റുകൾ ഇവിടെ നടക്കും. ലോകത്തിലെ ഏറ്റവും വലിയ ക്യാഷ് പ്രൈസിനായി ലോകത്തിലെ ആറ് മുൻനിര ടെന്നീസ് കളിക്കാരെ ടൂർണമെന്റ് ഒരുമിച്ച് കൊണ്ടുവരും.
നവംബർ അവസാനം ലോകത്തിലെ ഏറ്റവും വലിയ ബോക്സിംഗ്, ഗുസ്തി ഇവന്റുകളിൽ ഒന്നിന് ഇതേ അരീന ആതിഥേയത്വം വഹിക്കും. ഇതേ വേദിയിൽ അന്താരാഷ്ട്ര ആഭരണ പ്രദർശനവും നടക്കും. ജനുവരിയിൽ തന്നെ പ്രധാന പരിപാടിയായ റോയൽ റംബിളും നടക്കും. വടക്കേ അമേരിക്കക്ക് പുറത്ത് ആദ്യമായാണ് റോയൽ റംബിൾ നടക്കുന്നത്.