ജിദ്ദ: സമകാലിക സാമൂഹ്യ സാഹചര്യങ്ങളിൽ തകർന്നടിഞ്ഞുപോകുന്ന കുടുംബ ബന്ധങ്ങളെ വിളക്കി ചേർക്കുവാൻ പരിഹാര നിർദ്ദേശങ്ങളുമായി ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 4 മണി മുതൽ ജിദ്ദയിലെ കിലോ പത്തിലുള്ള അൽ നുഖ്ബ കൺവെൻഷൻ സെന്ററിൽ നടക്കും.
നിസ്സാര പ്രശ്നങ്ങളിൽ തകർന്നടിയുന്ന ദാമ്പത്യങ്ങൾ, അവിഹിതങ്ങളും ലഹരിയും അരങ്ങു വാഴുന്ന വീടകങ്ങൾ, ലഹരി അടക്കമുള്ള സകല സാമൂഹ്യ തിന്മകളെയും വാരിപ്പുണരുന്ന യുവതലമുറ, വൈവാഹിക ജീവിതം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ, ലിബറലിസവും നവ നാസ്തികതയുമാണ് യഥാർത്ഥ ജീവിതമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട വിദ്യാർത്ഥി സമൂഹം ഇങ്ങനെ നിരവധി നീറുന്ന പ്രശ്നങ്ങൾക്ക് നടുവിലാണ് ഇന്നത്തെ കുടുംബങ്ങൾ ജീവിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ വിശകലനം ചെയ്യുകയും അവയ്ക്ക് പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്ന അതിവിദഗ്ദരായ പാനൽ ജിദ്ദ ഫാമിലി കോൺഫറൻസിൽ വിഷയങ്ങൾ അവതരിപ്പിക്കും.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളത്തിലെ വിവിധ ജില്ലകളിൽ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ് വേദികളിലേക്ക്, ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ വ്യതിരിക്തത കൊണ്ടുതന്നെ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ജിദ്ദയിലും ഇതിനോടകം നൂറുക്കണക്കിന് കുടുംബങ്ങൾ കോൺഫറൻസിൽ പങ്കെടുക്കാനായി റെജിസ്റ്റർ ചെയ്തു കഴിഞ്ഞു.
നാളെ (വെള്ളി) വൈകിട്ട് 4:00 മണിക്ക് അൽ നുഖ്ബ കൺവെൻഷൻ സെന്ററിൽ ജെ.ഡി.സി.സി. ജനറൽ സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ ഫൈസൽ വാഴക്കാടിന്റെ അധ്യക്ഷതയിൽ ശൈഖ് അബ്ദുർറഹ്മാൻ അൽ ഈദാൻ (റിയാദ്) കോൺഫറൻസിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ക്രിയ സിവിൽ സർവീസ് അക്കാദമിയുടെ സ്ഥാപകനും, പെരിന്തൽമണ്ണയുടെ ജനകീയ എം.എൽ.എ. യുമായ ജനാബ്: നജീബ് കാന്തപുരം മുഖ്യാതിഥിയായി പങ്കെടുക്കും. ജംഇയ്യതുത്തർതീൽ മേധാവി ശൈഖ് ഫായിസ് അസഹലി വൈജ്ഞാനിക സെഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുനബിയുടെ കുടുംബജീവിതം എന്ന വിഷയത്തിൽ ഇസ്‌ലാമിക് ദഅവാ സെന്റർ ദമ്മാം പ്രബോധകൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി ക്ലാസെടുക്കും.
കുടുംബം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ വിസ്ഡം സ്റ്റുഡൻസ് വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്ല ബാസിലും, കുടുംബം; കാഴ്ചയും കാഴ്ചപ്പാടും എന്ന വിഷയത്തിൽ ഫാറൂഖ് കോളേജ് പ്രൊഫസറും ചൈൽഡ് സൈക്കോളജിസ്റ്റുമായ ഡോ. ജൗഹർ മുനവ്വിറും, സംതൃപ്ത കുടുംബം സാധ്യമാണ് എന്ന വിഷയത്തിൽ പീസ് റേഡിയോ സി.ഇ.ഒയും പ്രമുഖ ഫാമിലി കൗൺസിലറുമായ പ്രൊഫസർ ഹാരിസ് ബിൻ സലീമും പ്രഭാഷണങ്ങൾ നിർവ്വഹിക്കും. സമാപന സെഷനിൽ കോൺഫറൻസിന്റെ പ്രമേയമായ വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ബഹു. ഹുസൈൻ സലഫി ഷാർജ പ്രഭാഷണം നിർവഹിക്കും.
കോൺഫറൻസിനോടനുബന്ധിച്ച് കുട്ടികൾക്കായി കിഡ്സ് സബ്ജൂനിയർ ജൂനിയർ വിഭാഗങ്ങളിലായി കളറിംഗ് മത്സരവും, കൊച്ചു കുട്ടികൾക്കായി ലിറ്റിൽ വിങ്സ് എന്ന പേരിൽ കളിച്ചങ്ങാടവും സംഘടിപ്പിച്ചിട്ടുണ്ട്.കോൺഫറൻസിനോടനുബന്ധിച്ച് നടത്തപ്പെട്ട ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രോഗ്രാമിൽ വച്ച് നിർവഹിക്കപ്പെടും.
വിശ്വാസത്തെ വിമലീകരിച്ച് അധാർമികതകളോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് കുടുംബ ബന്ധങ്ങളിൽ സന്തോഷത്തിന്റെ ഊഷ്മളത നിറച്ച് സമൂഹത്തിന് ലക്ഷ്യവും ദിശാബോധവും പകർന്നു നൽകി ഇഹപര ജീവിത വിജയത്തിലേക്ക് നയിക്കുന്ന ഈ ഫാമിലി കോൺഫറൻസിലേക്ക് ജിദ്ദയിലെ മുഴുവൻ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0509299816, 0508352690, 0502847926, 0531075405 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.