ജിദ്ദ – മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിലായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വൈകിയതിനും റദ്ദാക്കിയതിനും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയില്‍ വിന്‍ഡോസ് പണിമുടക്കിയതിനെ തുടര്‍ന്ന് ലോകമാകമാനം വിമാന സര്‍വീസുകള്‍ താളംതെറ്റിയിരുന്നു.
ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കാനും നീട്ടിവെക്കാനും ഇത് ഇടയാക്കി. സൗദിയിലും നിരവധി സര്‍വീസുകള്‍ക്ക് കാലതാമസം നേരിടുകയും ചില സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ബദല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് സൗദി വിമാന കമ്പനികള്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കണ്ടത്.
വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയും നീട്ടിവെക്കുകയും ചെയ്തതിനെ തുടര്‍ന്ന് നേരിട്ട കഷ്ടനഷ്ടങ്ങള്‍ക്ക് വിമാന കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം തേടി നിരവധി പേര്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പരാതികള്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വന്തം നിയന്ത്രണത്തില്‍ പെട്ടതല്ലാത്ത സാങ്കേതിക തകരാറിന്റെ ഫലമായി സര്‍വീസുകള്‍ റദ്ദാക്കിയതിനും നീട്ടിവെച്ചതിനും നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥമല്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയത്.
സ്വന്തം നിയന്ത്രണത്തില്‍ പെട്ടതല്ലാത്ത കാരണങ്ങളാല്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ നീട്ടിവെക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമാവലി വ്യക്തമാക്കുന്നതായും അതോറിറ്റി പറഞ്ഞു.