ജിദ്ദ – ഫലസ്തീന്‍ ജനതയുടെ കണക്കിലും, സ്വയം നിര്‍ണയത്തിനും രാഷ്ട്രം സ്ഥാപിക്കാനുമുള്ള അവരുടെ അവകാശം നഷ്ടപ്പെടുത്തിയും സൗദി അറേബ്യ ഇസ്രായിലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് ബ്രിട്ടനിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരന്‍ ആവര്‍ത്തിച്ചു. ബ്രിട്ടീഷ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് (ചാദം ഹൗസ്) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സൗദി അംബാസഡര്‍. സൗദി അറേബ്യക്കായാലും വിവേകമുള്ള ഓരോ വ്യക്തിക്കും വേണ്ടിയാണെങ്കിലും മുഴുവന്‍ മേഖലയിലും സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും കൊണ്ടുവരും എന്നതാണ് ഇസ്രായിലുമായുള്ള സാധാരണ ബന്ധത്തിന്റെ പ്രാധാന്യം.
മിഡില്‍ ഈസ്റ്റ് നിരവധി മുള്ളുകളുള്ള സിംഹത്തിന്റെ നഖംപോലെയാണ്. ഇതില്‍ ഏറ്റവും വലുത് ഇസ്രായില്‍, ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണെന്നും ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരന്‍ പറഞ്ഞു.
ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാതെയും ഇസ്രായില്‍, ഫലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരമില്ലാതെയും ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കുന്നതിന് ഒരു പ്രാധാന്യവുമില്ല. ഇത് ഒരു പ്രയോജനവുമുണ്ടാക്കില്ല. കാരണം നിലവിലെ സാഹചര്യത്തില്‍ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിച്ചാലും പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കും. സംഘര്‍ഷമാണ് പ്രശ്‌നം, അല്ലാതെ ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കലല്ല.
ഇസ്രായില്‍, ഫലസ്തീന്‍ സംഘര്‍ഷം പ്രാദേശിക സംഘര്‍ഷമായി നിലനില്‍ക്കുകയാണ്. വളരെ വേഗത്തില്‍ ഇത് അന്താരാഷ്ട്ര സംഘര്‍ഷമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഗാസ യുദ്ധം ഉടനടി നിര്‍ത്തണമെന്നും ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരമുണ്ടാക്കുന്നതും ലോകത്തു മുഴുവന്‍ സമാധാനമുണ്ടാക്കുമെന്നും ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരന്‍ പറഞ്ഞു.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ സൗദി അറേബ്യയുടെ നിലപാട് എക്കാലവും ഉറച്ചതാണെന്നും ഫലസ്തീന്‍ ജനതക്ക് നിയമാനുസൃത അവകാശങ്ങള്‍ ലഭിക്കല്‍ നിര്‍ബന്ധമാണെന്നും സൗദി വിദേശ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും ഗാസ യുദ്ധം അവസാനിപ്പിക്കുകയും ഗാസയില്‍ നിന്ന് മുഴുവന്‍ ഇസ്രായിലി സൈനികരും പിന്‍വാങ്ങുകയും ചെയ്യാതെ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന ഉറച്ച നിലപാട് അമേരിക്കന്‍ ഭരണകൂടത്തെയും സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.