ദമാം: ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ച് വിജയിപ്പിക്കണമെന്നും അതിലൂടെ മാതൃകാപരമായ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ കഴിയുമെന്നും വെൽഫെയർ പാർട്ടി നേതാവും പാലക്കാട് മുനിസിപ്പൽ കൗൺസിലറുമായ എം.സുലൈമാൻ അഭിപ്രായപ്പട്ടു. ഹ്രസ്വ സന്ദർശനത്തിന് സൗദിയിൽ എത്തിയ അദ്ദേഹം പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാ കമ്മിറ്റി ഒരുക്കിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
സംഘ് പരിവാർ ഫാഷിസത്തിനെതിരായ കൃത്യതയുള്ള ആശയസമരം മാത്രമല്ല, ക്ഷേമ രാഷ്ട്രത്തിലേക്കുള്ള തെളിച്ചമുള്ള മാതൃകകൾ കൂടി വെൽഫെയർ പാർട്ടി ത്രിതല പഞ്ചായത്ത് പങ്കാളിത്തത്തിലൂടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മുനിസിപ്പൽ കൗൺസിലിൽ തൻ്റെ മേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെ ഓരോന്നോരോന്നായി പരിഹരിച്ച സാഹചര്യം വിശദീകരിച്ചു. കൂടുതൽ പ്രദേശങ്ങളിലേക്ക് ഇത്തരം വികസന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാ കമ്മിറ്റി പ്രസിഡണ്ട് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. ഷക്കീർ ബിലാവിനകത്ത് സ്വാഗതം പറഞ്ഞു. ജംഷാദ് അലി, സിറാജ് തലശ്ശേരി, ബിജു പൂതക്കുളം എന്നിവർ സംസാരിച്ചു. ഖലീലുറഹ്മാൻ അന്നടക്ക നന്ദി പറഞ്ഞു.