ജിദ്ദ – വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പ്, സീപ്ലെയിന്‍ മേഖലയില്‍ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും മാല്‍ദ്വീപ്‌സും ധാരണാപത്രം ഒപ്പുവെച്ചു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും മാല്‍ദ്വീപ്‌സ് ഗതാഗത, സിവില്‍ ഏവിയേഷന്‍ മന്ത്രി ക്യാപ്റ്റന്‍ മുഹമ്മദ് അമീനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലജ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. റെഡ്‌സീ ഡെസ്റ്റിനേഷനിലേക്ക് മാല്‍ദ്വീപ്‌സ് സംഘം നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പ്, സീപ്ലെയിന്‍ മേഖലയില്‍ പരസ്പര സഹകരണത്തിന് ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ധാരണാപത്രം ഒപ്പുവെച്ചത്.
വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പ്, സീപ്ലെയിന്‍ മേഖലയില്‍ സഹകരണം ശക്തമാക്കാനും ഏറ്റവും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങള്‍ക്ക് അനുസൃതമായി സുരക്ഷിതമായ വ്യോമഗതാഗത അന്തരീക്ഷം പ്രദാനം ചെയ്യാനും വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമാവലികള്‍ നടപ്പാക്കാനും ധാരണാപത്രത്തിലൂടെ ഉന്നമിടുന്നു. സുരക്ഷിതവും സുസ്ഥിരവും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗത മാര്‍ഗങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ സ്ഥാപിക്കാനും വ്യോമയാന മേഖലാ തന്ത്രം ലക്ഷ്യങ്ങളെ പിന്തുണക്കുന്ന ഉഭയകക്ഷി കരാറുകള്‍ ഒപ്പുവെക്കാനുമുള്ള വ്യോമയാന മേഖലാ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്.
സൗദിയില്‍ ലോകോത്തര സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ പ്രവര്‍ത്തിക്കുന്ന റെഡ്‌സീ ഗ്ലോബല്‍ കമ്പനിയാണ് ആളുകള്‍ക്കും പ്രകൃതിക്കും വേണ്ടി ഉത്തരവാദിത്തത്തോടെ റെഡ്‌സീ ഡെസ്റ്റിനേഷന്‍ വികസിപ്പിക്കുന്നത്. സൗദിയിലെ ആദ്യ സീപ്ലെയിന്‍ കമ്പനിയായ ഫ്‌ളൈ റെഡ്‌സീ, റെഡ്‌സീ ഗ്ലോബല്‍ കമ്പനി ഉടമസ്ഥതയിലാണ്. റെഡ്‌സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ റെഡ്‌സീ കമ്പനി ജലവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ഓപ്ഷനുകളിലൂടെ ഡെസ്റ്റിനേഷനിലെ വിവിധ ദ്വീപുകളില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ റിസോര്‍ട്ടുകളുമായി സന്ദര്‍ശകരെ ബന്ധിപ്പിക്കുന്നു.
റെഡ്‌സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആഡംബര വിനോദസഞ്ചാരത്തിനുള്ള ഒരു പ്രധാന കവാടമായി മാറിയിരിക്കുന്നു. 100 ശതമാനവും പുനരുപയോഗ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം ഇന്നൊവേഷനിലും സുസ്ഥിര വികസനത്തിലും ആഗോള തലത്തില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനം ശക്തമാക്കുന്നു. ജലവിമാനങ്ങള്‍ക്കായി പ്രത്യേക റണ്‍വേയും സന്ദര്‍ശകര്‍ക്കായി പ്രത്യേക ടെര്‍മിനലും ഇവിടെയുണ്ട്.