റിയാദ്– 2016ൽ ‘വിഷൻ 2030’ പദ്ധതി ആരംഭിച്ചതിനു ശേഷം ടൂറിസം മേഖലയിൽ സൗദി അറേബ്യ 20,000 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയതായി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് വെളിപ്പെടുത്തി. പദ്ധതി പ്രകാരം നിലവിൽ 15 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ടൂറിസം പശ്ചാത്തല സൗകര്യങ്ങൾ രാജ്യം കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2030 ന് ശേഷമുള്ള സൗദി അറേബ്യയുടെ വിഷൻ സമ്പദ്വ്യവസ്ഥയിൽ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനത്തിൽ കൂടുതലായി ഉയർത്താനും ആഗോള യാത്രാ, ടൂറിസം മേഖലയിലെ നിക്ഷേപങ്ങൾ പ്രഖ്യാപിക്കാനുള്ള ലോക വേദിയായി ടൂറൈസ് ഫോറത്തെ മാറ്റാനാണ് സൗദി ലക്ഷ്യമിടുന്നത്. റിയാദിൽ നടക്കുന്ന ഫോറത്തിനിടെ പ്രഖ്യാപിച്ച നിക്ഷേപങ്ങളിൽ 60 ശതമാനവും സൗദി അറേബ്യയിലാണ്.
പൊതു, സ്വകാര്യ മേഖലകൾ, ടൂറിസം, യാത്രാ കമ്പനികൾ എന്നിവയടക്കം ടൂറിസം വ്യവസായത്തിലെ മുഴുവൻ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരികയാണ് പ്രഥമ ടൂറൈസ് ഫോറത്തിന്റെ ലക്ഷ്യം. ആദ്യമായാണ് ആഗോള സമ്പദ്വ്യവസ്ഥയുടെ പത്തു ശതമാനവും ആഗോള തൊഴിലിന്റെ പത്തു ശതമാനവും സംഭാവന ചെയ്യുന്ന യാത്രാ, ടൂറിസം മേഖലയുടെ മികച്ച ഭാവി രൂപപ്പെടുത്താനായി ഇത്തരമൊരു ഒത്തുചേരൽ നടക്കുന്നത്. വരാനിരിക്കുന്ന ഘട്ടത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ നിലക്ക് സൗദിയിൽ ലൈസൻസുള്ള അഞ്ചു ലക്ഷത്തിലേറെ ഹോട്ടൽ മുറികളുണ്ട്.
ടൂറൈസ് ഫോറത്തിൽ പ്രഖ്യാപിച്ച നിക്ഷേപ കരാറുകളിൽ സൗദി അറേബ്യയുടെ വിഹിതം ഏകദേശം 6,800 കോടി ഡോളറാണ്. ഇവയടക്കം ഫോറത്തിന്റെ ആദ്യ ദിവസം ആകെ 11,300 കോടി ഡോളറിന്റെ നിക്ഷേപങ്ങളാണ് പ്രഖ്യാപിച്ചത്. റെഡ് സീ, ദിരിയ, ഖിദ്ദിയ, അസീർ തുടങ്ങിയ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനും പൈതൃകം, ആധുനികത, സുസ്ഥിരത എന്നിവ സംയോജിപ്പിച്ചുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്ന പുതിയതും നൂതനവുമായ അനുഭവങ്ങൾ സൃഷ്ടിക്കാനും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനും സൗദി അറേബ്യ പ്രവർത്തിക്കുന്നതായും ടൂറിസം മന്ത്രി പറഞ്ഞു.



