റിയാദ് – തലസ്ഥാന നഗരിയില്‍ ഡ്രൈനേജ് പൈപ്പ്‌ലൈന്‍ ശൃംഖലകള്‍ പരിശോധിക്കാനും തകരാറുകള്‍ മുന്‍കൂട്ടി കണ്ട് പരിഹരിക്കാനും റിയാദ് നഗരസഭ റോബോട്ടുകളും സ്മാര്‍ട്ട് സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഈ റോബോട്ടുകള്‍ക്ക് വെള്ളത്തിലും വിവിധ പ്രതലങ്ങളിലും സഞ്ചരിക്കാനും ഡ്രൈനേജ് ശൃംഖലകള്‍ പരിശോധിക്കാനും കഴിയും. വേഗത്തിലും കാര്യക്ഷമമായും തീരുമാനമെടുക്കാന്‍ ഇത് നഗരസഭയെ സഹായിക്കും.
ത്രിമാന കൃത്യതയോടെയും 360 ഡിഗ്രി ആംഗിളിലും ഡ്രൈനേജ് ശൃംഖലകള്‍ ചിത്രീകരിച്ച് ഫലങ്ങള്‍ കാണിക്കാനും നിര്‍മിതബുദ്ധിയിലൂടെ ഇവ ഡാറ്റകളാക്കി മാറ്റാനും റോബോട്ടുകള്‍ക്ക് സാധിക്കും. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതില്‍ സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ധിപ്പിക്കാനും ഡ്രൈനേജ് ശൃംഖലകളുടെ സുസജ്ജത ഉറപ്പുവരുത്താനും തകരാറുകള്‍ മുന്‍കൂട്ടി കണ്ടെത്തി പരിഹരിക്കാനുള്ള പദ്ധതികള്‍ തയാറാക്കാനും റോബോട്ടുകള്‍ സഹായിക്കും.