റിയാദ് – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ഇന്ന് അമേരിക്കയുമായി സൗദി അറേബ്യ 30,000 ലേറെ കോടി ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വെളിപ്പെടുത്തി. അടുത്ത ഘട്ടത്തില്‍ മറ്റു കരാറുകളും പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഇതോടെ അമേരിക്കയുമായുള്ള സൗദി അറേബ്യയുടെ കരാറുകള്‍ ഒരു ട്രില്യണ്‍ ഡോളറിലെത്തും. അമേരിക്കയുമായുള്ള കരാറുകള്‍ സൗദിയില്‍ തൊഴിലവസരങ്ങളെയും വ്യവസായങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിനെയും പിന്തുണക്കുമെന്ന് കിരീടാവകാശി പറഞ്ഞു.
സൗദി അറേബ്യക്കും അമേരിക്കക്കുമിടയില്‍ നിരവധി പ്രത്യേക നിക്ഷേപ ഫണ്ടുകള്‍ ആരംഭിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. 500 കോടി ഡോളറിന്റെ ഊര്‍ജ നിക്ഷേപ ഫണ്ട്, 500 കോടി ഡോളറിന്റെ ന്യൂ എറ സ്പേസ് ആന്റ് ഡിഫന്‍സ് ടെക്നോളജി ഫണ്ട്, 400 കോടി ഡോളറിന്റെ എന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഗ്ലോബല്‍ സ്പോര്‍ട്സ് ഫണ്ട് എന്നിവയാണ് സ്ഥാപിച്ചിരിക്കുന്നത്. സൗദി അറേബ്യ അമേരിക്കയില്‍ 60,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
അമേരിക്കയും സൗദി അറേബ്യയും 14,200 കോടി ഡോളറിന്റെ പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ വില്‍പന കരാറാണ് ഇത്. പന്ത്രണ്ടിലേറെ അമേരിക്കന്‍ സൈനിക കമ്പനികള്‍ സൗദി അറേബ്യക്ക് ഏറ്റവും പുതിയ ആയുധങ്ങള്‍ നല്‍കും. സൗദി സായുധ സേനയുടെ ശേഷികള്‍ വികസിപ്പിക്കാനുള്ള തീവ്രമായ പരിശീലനവും പിന്തുണയും കരാറുകളില്‍ ഉള്‍പ്പെടുന്നതായും വൈറ്റ് ഹൗസ് പറഞ്ഞു.