വാഷിംഗ്ടണ്‍ – സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സൗദി എ.ഐ കമ്പനിയായ ഹ്യൂമൈന് നൂതന എ.ഐ-പവേര്‍ഡ് സെമികണ്ടക്ടറുകള്‍ കൈമാറാന്‍ യു.എസ് വാണിജ്യ വകുപ്പ് അനുമതി നല്‍കി. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സാങ്കേതിക സഹകരണം വികസിപ്പിക്കുന്നതിന്റെ ഭാഗമായായി എന്‍വിഡിയയുടെ ബ്ലാക്ക്വെല്‍ ചിപ്പുകളുടെ 35,000 യൂണിറ്റുകള്‍ വാങ്ങുന്നത് ഉള്‍പ്പെടുന്ന കരാറിന്റെ ഭാഗമാണിത്. സൗദി-യുഎസ് നിക്ഷേപ ഫോറത്തില്‍, എലോണ്‍ മസ്‌ക് തന്റെ കമ്പനിയായ എക്‌സ്.എ.ഐ, ഹ്യൂമൈന്‍, എന്‍വിഡിയ എന്നിവ തമ്മില്‍ 500 മെഗാവാട്ട് സംയുക്ത സംരംഭവും പ്രഖ്യാപിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണത്തിന്റെ പങ്കാളിത്തങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായി സൗദി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ പറഞ്ഞു. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ദശലക്ഷക്കണക്കിന് റോബോട്ടുകളെ വിന്യസിക്കുന്നതിനെ പിന്തുണക്കുന്ന സൗദി കിരീടാവകാശിയുടെ ലക്ഷ്യങ്ങളും ഈ സംരംഭങ്ങളെ പിന്തുണക്കുന്നതിന് രാജ്യത്തിന്റെ പ്രതിബദ്ധതയും മന്ത്രി സൂചിപ്പിച്ചു.
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ എന്നിവരുടെ സാന്നിധ്യത്തില്‍, സൗദി അറേബ്യയും അമേരിക്കയും കൃത്രിമബുദ്ധി മേഖലയില്‍ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള കരാറിലും ഒപ്പുവെച്ചു. സെമികണ്ടക്ടറുകള്‍, നിര്‍മിതബുദ്ധി ആപ്ലിക്കേഷനുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ദേശീയ ശേഷികള്‍ വര്‍ധിപ്പിക്കല്‍, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജം, ഖനനം, ഗതാഗതം തുടങ്ങിയ സുപ്രധാന മേഖലകളില്‍ സഹകരണത്തിലൂടെയും തന്ത്രപരമായ നിക്ഷേപങ്ങള്‍ വികസിപ്പിക്കുന്നതിലൂടെയും നവീകരണവും സാങ്കേതിക പുരോഗതിയും പ്രോത്സാഹിപ്പിക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.



