റിയാദ്- കെട്ടിടത്തില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് ഒന്നരവര്‍ഷത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യു.പി സ്വദേശിക്ക് സാമൂഹിക പ്രവര്‍ത്തകരുടെ കൈതാങ്ങ്. ആശുപത്രിയിലടക്കേണ്ട നാലര ലക്ഷം റിയാല്‍ ഒഴിവാക്കി കിട്ടിയതിന് പുറമെ ഏറെ സാഹസപ്പെട്ടാണ് യുപി സ്വദേശി ജുബൈര്‍ അഹമ്മദിനെ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചത്.
കമ്പനി താമസസ്ഥലത്ത് നിന്ന് തലചുറ്റി താഴോട്ട് വീണ് നട്ടെല്ലിനടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഫാമിലി കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു മാസം ചികിത്സ നല്‍കി. നാലര ലക്ഷം റിയാല്‍ ബില്ല് അടക്കാനുണ്ടായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ബില്ല് ഇദ്ദേഹത്തിന്റെ ബാധ്യതയായി. ബില്ല് അടക്കാതെ റൂമിലേക്ക് കൊണ്ടുവന്നു. വൈകാതെ രോഗം മൂര്‍ഛിച്ചു. പിന്നീട് പ്രിന്‍സ് മുഹമ്മദ് ആശുപത്രിയില്‍ ആറു മാസം ചികിത്സ നല്‍കി.
അതിനിടെ രോഗം ഭാഗികമായി ഭേദമായി. ഫാമിലി കെയര്‍ ആശുപത്രി അധികൃതര്‍ നാലര ലക്ഷം റിയാലിന് വേണ്ടി ഇദ്ദേഹത്തിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശിഹാബ് കൊട്ടുകാട് ആശുപത്രി സിഇഒയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടു. കേസ് നടത്തി ആശുപത്രി ഈ പണം ഒഴിവാക്കിക്കൊടുത്തു. പിന്നീട് അല്‍ഗാത്ത് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റി. മൊത്തം ഒന്നര വര്‍ഷം ആശുപത്രി വാസം. അതിനിടെ പല പ്രാവശ്യം നാട്ടില്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും വിമാനത്തിലെ സ്ട്രച്ചര്‍ പ്രശ്‌നം കാരണം സാധ്യമായില്ല. എയര്‍ ഇന്ത്യ അധികൃതരുമായി ശിഹാബ് കൊട്ടുകാട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌ട്രെച്ചറില്‍ കൊണ്ടുപോകാന്‍ സമ്മതിച്ചു. നാട്ടില്‍ നിന്ന് രണ്ട് എഞ്ചിനീയര്‍മാരെ കൊണ്ടുവന്നാണ് സ്ട്രച്ചര്‍ പ്രശ്‌നം പരിഹരിച്ചത്.
കമ്പനി എക്‌സിറ്റ് അടിച്ചുനല്‍കി. ഇന്ത്യന്‍ എംബസിയാണ് ടിക്കറ്റ് നല്‍കിയത്. ആല്‍ഗാത്ത് ആശുപത്രി അധികൃര്‍ ആംബുലന്‍സ് വിട്ടുനല്‍കി. ന്യൂഡല്‍ഹിയിലെത്തിയ ഇദ്ദേഹത്തെ ബന്ധുക്കള്‍ സ്വീകരിച്ചു.
ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ വിഭാഗം മേധാവി മുഈന്‍ അക്തര്‍, മീന, ആശിഖ്, ആശുപത്രി നഴ്‌സുമാര്‍ തുടങ്ങി നിരവധി പേര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു.