ജിദ്ദ – രാജ്യത്തെ വിമാനത്താവളങ്ങളില്‍ ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച 932 പേരെ ആഭ്യന്തര മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് കഴിഞ്ഞ മാസം പിടികൂടിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഏറ്റവും കൂടുതല്‍ നിയമ ലംഘകര്‍ പിടിയിലായത് റിയാദ് വിമാനത്താവളത്തിലാണ്. ഇവിടെ 379 പേര്‍ പിടിയിലായി.
രണ്ടാം സ്ഥാനത്തുള്ള മദീന വിമാനത്താവളത്തില്‍ 190 പേരും മൂന്നാം സ്ഥാനത്തുള്ള ജിദ്ദ എയര്‍പോര്‍ട്ടില്‍ 116 പേരും പിടിയിലായി. ഇതോടെ ആറു മാസത്തിനിടെ എയര്‍പോര്‍ട്ടുകളില്‍ ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച് പിടിയിലായവരുടെ എണ്ണം 7,550 ആയി.
രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും ഇരുപത്തിനാലു മണിക്കൂറും സേവനം നല്‍കുന്ന ലൈസന്‍സുള്ള ടാക്‌സി കമ്പനികളുമായി മാത്രം യാത്രക്കാര്‍ സഹകരിക്കണം. കാര്യക്ഷമതാ, ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി ഈ കമ്പനികള്‍ സേവനം നല്‍കുന്നു. രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ 3,600 ലേറെ ടാക്‌സി കാറുകളും 54 റെന്റ് എ കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. ഇവക്കു പുറമെ ലൈസന്‍സുള്ള ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ സേവനവും ലഭ്യമാണ്.
മറ്റു നിയമാനുസൃത ഗതാഗത ഓപ്ഷനുകളും എയര്‍പോര്‍ട്ടുകളില്‍ ലഭിക്കും.
ലൈസന്‍സില്ലാതെ എയര്‍പോര്‍ട്ടുകളില്‍ ടാക്‌സി സര്‍വീസുകള്‍ നടത്തുന്നവര്‍ക്ക് 5,000 റിയാല്‍ തോതില്‍ പിഴ ചുമത്തും. കൂടാതെ ഇത്തരക്കാരുടെ കാറുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. കാറുകള്‍ കസ്റ്റഡിയിലെടുത്ത് യാര്‍ഡിലേക്ക് നീക്കാനും യാര്‍ഡില്‍ സൂക്ഷിക്കാനുമുള്ള ചെലവ് നിയമ ലംഘകരില്‍ നിന്ന് ഈടാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.