ജിദ്ദ – സൗദിയില്‍ നഴ്‌സുമാരും ഗാര്‍ഹിക തൊഴിലാളികളും സ്വകാര്യ കമ്പനി ജീവനക്കാരും അടക്കം രണ്ടു ലക്ഷത്തിലേറെ ശ്രീലങ്കന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി സൗദിയിലെ ശ്രീലങ്കന്‍ അംബാസഡര്‍ ഒ.എല്‍ അമീര്‍ അജ്‌വദ് പറഞ്ഞു. ഈ വര്‍ഷം ശ്രീലങ്കയില്‍ നിന്നുള്ള 3,500 പേര്‍ ഹജ് കര്‍മം നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്ന് ഏഴായിരത്തോളം വിനോദ സഞ്ചാരികള്‍ ശ്രീലങ്ക സന്ദര്‍ശിച്ചു.
ലോക രാജ്യങ്ങളില്‍ നിന്ന് പതിനഞ്ചു ലക്ഷം ടൂറിസ്റ്റുകളാണ് കഴിഞ്ഞ കൊല്ലം ശ്രീലങ്കയിലെത്തിയത്. ശ്രീലങ്ക സന്ദര്‍ശിക്കുന്ന സൗദി ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് റിയാദ്, ജിദ്ദ, ദമാം നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നു. ശ്രീലങ്കയിലേക്കുള്ള സര്‍വീസുകള്‍ സൗദിയ പുനരാരംഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തുടര്‍ച്ചയായി നാല്‍പതു വര്‍ഷം ശ്രീലങ്കയിലേക്ക് സര്‍വീസുകള്‍ നടത്തിയ സൗദിയ നാലു വര്‍ഷം മുമ്പാണ് ശ്രീലങ്കന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.
കഴിഞ്ഞ വര്‍ഷം ശ്രീലങ്ക സൗദിയിലേക്ക് 9.9 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുകയും സൗദിയില്‍ നിന്ന് 29 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇറക്കുമതി നടത്തുകയും ചെയ്തു. ഓരോ വര്‍ഷം കഴിയുന്തോറും ഉഭയകക്ഷി വ്യാപാരം വര്‍ധിക്കണമെന്നാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു.