ജിദ്ദ: ആവശ്യമായ പെർമിറ്റുകൾ കൂടാതെ പാർപ്പിട യൂണിറ്റുകൾ പുനർവിഭജിക്കുന്നത് നിയമലംഘനമാണെന്നും ഇതിന് 2 ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും നഗരസഭ, ഭവനകാര്യ മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത പെർമിറ്റുകളില്ലാതെ പാർപ്പിട യൂണിറ്റുകളിൽ നടത്തുന്ന ക്രമക്കേടുകൾ ജനവാസ കേന്ദ്രങ്ങളുടെ ജീവിതനിലവാരത്തെയും നഗരഘടനയെയും പ്രതികൂലമായി ബാധിക്കും. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി ചെറുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നിയമവിരുദ്ധമായി വിഭജിച്ച പാർപ്പിട യൂണിറ്റുകൾ കണ്ടെത്താൻ മന്ത്രാലയത്തിന്റെ പിന്തുണയോടെ മുനിസിപ്പാലിറ്റികൾ ഫീൽഡ് പരിശോധനകൾ തുടരുന്നു. ബലദി ആപ്പ് വഴി ലഭിക്കുന്ന പരാതികളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലും പരിശോധനകൾ നടത്തുന്നുണ്ട്. പാർപ്പിട യൂണിറ്റുകളെ ചെറിയ ഭാഗങ്ങളായി വിഭജിക്കുക, പുതിയ വാതിലുകൾ തുറക്കുക, പെർമിറ്റുകളില്ലാതെ പുറത്തേക്കുള്ള വഴികളിൽ മാറ്റം വരുത്തുക എന്നിവ പ്രധാന നിയമലംഘനങ്ങളാണ്. ഇവ പൊതുസുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, മുനിസിപ്പൽ സേവനങ്ങൾ, നഗരങ്ങളിലെ സാമൂഹിക-സാമ്പത്തിക സന്തുലനം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
പരസ്യദാതാവ്, ഉടമ, നിക്ഷേപകൻ, വാടകക്കാർ എന്നിവർ ഉൾപ്പെടെ നിയമലംഘനത്തിൽ പങ്കാളികളായ എല്ലാവർക്കും അംഗീകൃത മുനിസിപ്പൽ ചട്ടങ്ങൾ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കും. മുനിസിപ്പാലിറ്റികൾ നൽകുന്ന ഔദ്യോഗിക ലൈസൻസ് ഇല്ലാതെ വിഭജിച്ച പാർപ്പിട യൂണിറ്റുകൾ ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി വാടകയ്ക്ക് പ്രദർശിപ്പിക്കുന്നതും നൽകുന്നതും നിരോധിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ പാർപ്പിട ഉപയോഗത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ ബലദി ആപ്പ് വഴിയോ ഏകീകൃത നമ്പറായ 940 വഴിയോ റിപ്പോർട്ട് ചെയ്യാൻ സ്വദേശികളോടും വിദേശികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.