ജിദ്ദ – സൗദി, പാകിസ്ഥാന്‍ പ്രതിരോധ സഖ്യത്തില്‍ ചേര്‍ന്ന് ത്രിരാഷ്ട്ര പ്രതിരോധ സഖ്യം സ്ഥാപിക്കാന്‍ തുര്‍ക്കി ശ്രമിക്കുന്നതായി അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗ് വെളിപ്പെടുത്തി. മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും അധികാര സന്തുലിതാവസ്ഥ പുനര്‍നിര്‍മ്മിക്കുന്ന പുതിയ സുരക്ഷാ വിന്യാസത്തിന് സൗദി അറേബ്യയും പാകിസ്ഥാനും തുര്‍ക്കിയും ചേര്‍ന്നുള്ള ത്രിരാഷ്ട്ര പ്രതിരോധ സഖ്യം വഴിയൊരുക്കും.
കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ പ്രതിരോധ സഖ്യ കരാര്‍ ഒപ്പുവെച്ചിരുന്നു. കരാറില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ഏതെങ്കിലും ആക്രമണം രണ്ടു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കണമെന്ന് സൗദി, പാക് പ്രതിരോധ സഖ്യ കരാര്‍ വ്യവസ്ഥ ചെയ്യുന്നു. സൗദി, പാക് പ്രതിരോധ സഹകരണ കരാറിലെ ഈ വകുപ്പ് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) ആര്‍ട്ടിക്കിള്‍ 5 ന് സമാനമാണ്. അമേരിക്കക്ക് ശേഷം നാറ്റോ സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായ തുര്‍ക്കി സൗദി, പാക് പ്രതിരോധ സഹകരണ കരാറില്‍ ചേര്‍ന്ന് ത്രിരാഷ്ട്ര പ്രതിരോധ സഖ്യം സ്ഥാപിക്കുന്നത് ലോകത്തെയും മേഖലയിലെയും പുതിയ ഭൗമരാഷ്ട്രീയ സംഭവവികസങ്ങള്‍ക്കിടെ മൂന്നു രാജ്യങ്ങള്‍ക്കും ഏറെ പ്രധാനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



