ജിദ്ദ – 2025ലെ ആദ്യത്തെ ഒമ്പതു മാസക്കാലത്ത് വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ 12,037.3 കോടി റിയാൽ ചെലവഴിച്ചതായി സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കി. ഇക്കാലയളവിൽ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ രണ്ടു ശതമാനം വളർച്ച രേഖപ്പെടുത്തി. സൗദിയിൽ നിന്നുള്ള ടൂറിസ്റ്റുകൾ വിദേശങ്ങളിൽ 8,500 കോടി റിയാൽ ചെലവഴിച്ചു. സൗദി ടൂറിസ്റ്റുകളുടെ വിദേശങ്ങളിലെ ധനവിനിയോഗം പത്തു ശതമാനം തോതിൽ വർധിച്ചു.
കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ 3,379.8 കോടി റിയാൽ ചെലവഴിച്ചു. 2024ലിലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2025ൽ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ 35 ശതമാനം വളർച്ച രേഖപ്പെടുത്തി. മൂന്നാം പാദത്തിൽ സൗദി ടൂറിസ്റ്റുകൾ വിദേശങ്ങളിൽ 3,076.8 കോടി റിയാൽ ചെലവഴിച്ചു. സൗദി ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ 17 ശതമാനം വളർച്ചയുണ്ടായി. മൂന്നാം പാദത്തിൽ ടൂറിസം മേഖലാ ധനവിനിയോഗത്തിൽ സൗദി അറേബ്യ 302.9 കോടി റിയാൽ മിച്ചം നേടി. 2024 മൂന്നാം പാദത്തിൽ ടൂറിസം മേഖലാ ധനവിനിയോഗത്തിൽ 128 കോടി റിയാൽ കമ്മിയായിരുന്നു.



