അബഹ – സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഒരു മാസത്തിനു ശേഷം ടൂറിസ്റ്റ് വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് വെളിപ്പെടുത്തി. സൗദി സമ്മര്‍ സീസണ്‍ 2024 വിശദാംശങ്ങള്‍ അറിയിക്കാന്‍ അബഹയില്‍ സംഘടിപ്പിച്ച ഗവണ്‍മെന്റ് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദിയില്‍ സമീപ കാലം വരെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലാ സംഭാവന മൂന്നു ശതമാനം മാത്രമായിരുന്നു.
ആഗോള തലത്തില്‍ ഇത് പത്തു ശതമാനമാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശാനുസരണം ടൂറിസം മേഖല വികസിപ്പിക്കാന്‍ നിശ്ചയാദാര്‍ഢ്യത്തോടെ മുന്നോട്ടുപോവുകയാണ്. ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ടൂറിസം മേഖലയില്‍ ഏറ്റവും വലിയ വളര്‍ച്ചയുള്ളത് സൗദിയിലാണ്. ഈ വര്‍ഷം ആദ്യ പകുതിയോടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ വിനോദസഞ്ചാര വ്യവസായ മേഖലയുടെ സംഭാവന അഞ്ചു ശതമാനമായി ഉയര്‍ന്നു. സ്വകാര്യ മേഖലക്ക് പിന്തുണ നല്‍കാന്‍ ടൂറിസം വികസന നിധി സ്ഥാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ പ്രവര്‍ത്തിച്ചതാണ് ടൂറിസം മേഖലയിലെ വിജയത്തിന് പ്രധാന കാരണം.
സൗദിയില്‍ വൈവിധ്യമാര്‍ന്ന ഭൂപ്രദേശമുണ്ട്. ലോകരാജ്യങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണിത്. സൗദി ജനത ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുകയും ആതിഥ്യമരുളുകയും ചെയ്യുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ആറു കോടി ടൂറിസ്റ്റുകള്‍ സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഇവര്‍ 15,000 കോടി റിയാല്‍ രാജ്യത്ത് ചെലവഴിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ഹോട്ടലുകളും വ്യതിരിക്തമായ സൗകര്യങ്ങളും നിര്‍മിക്കാന്‍ കഴിയും. എന്നാല്‍ സവിശേഷമായ മാനവശേഷി സൗദി അറേബ്യയുടെ പ്രധാന പ്രത്യേകതയാണെന്നും ടൂറിസം മന്ത്രി പറഞ്ഞു.
2019 മുതലാണ് സൗദി അറേബ്യ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇ-വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയത്. ലോകത്ത് ടൂറിസ്റ്റുകളുടെ എണ്ണത്തിലും വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തിലും 80 ശതമാനം ഈ രാജ്യങ്ങളുടെ വിഹിതമാണ്. പിന്നീട് 15 ലേറെ രാജ്യങ്ങള്‍ക്കു കൂടി ഇ-വിസകള്‍ അനുവദിക്കാന്‍ തുടങ്ങി. ചില രാജ്യക്കാര്‍ക്ക് സൗദി എയര്‍പോര്‍ട്ടുകളിലും അതിര്‍ത്തി പ്രവേശന കവാടങ്ങളിലും വെച്ച് ഓണ്‍അറൈവല്‍ വിസയും മുന്‍കൂട്ടി നേടുന്ന ഇ-വിസയും മറ്റു രാജ്യക്കാര്‍ക്ക് മുന്‍കൂട്ടി ഇ-വിസ മാത്രവുമാണ് അനുവദിക്കുന്നത്. സൗദി അറേബ്യ പ്രവേശന വിലക്കേര്‍പ്പെടുത്താത്ത, ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കും എളുപ്പത്തില്‍ ഇ-വിസ ലഭിക്കും. ഒരു വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ പരമാവധി 90 ദിവസം വരെയാണ് സൗദിയില്‍ തങ്ങാന്‍ കഴിയുക.