അറാര്‍ – തുറൈഫില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പിഞ്ചുബാലന് ഗുരുതര പരിക്ക്. വീടിന് സമീപമുള്ള പലചരക്ക് കടയിലേക്ക് (ബഖാല) നടന്നുപോകുന്നതിനിടെയാണ് മൂന്നര വയസുകാരനെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ ആക്രമിച്ച് കടിച്ചുപറിച്ചത്. ദൈവീക ഇടപെടലാണ് ബാലനെ മരണത്തില്‍ നിന്ന് രക്ഷിച്ചത്. തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് അപ്രതീക്ഷിതമായി ബാലനു നേരെ പാഞ്ഞടുത്ത് പിഞ്ചുശരീരം കടിച്ചുകീറുകയായിരുന്നു. ബാലന് ശരീരത്തിലുടനീളം ഗുരുതരമായ പരിക്കുകള്‍ നേരിട്ടു. ആക്രമണം കണ്ട സഹോദരന്‍ നായ്ക്കളെ പിന്തിരിപ്പിച്ച് ബാലനെ രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ ആക്രമണത്തിന്റെ ക്രൂരത കാരണം സഹോദരന് ബാലനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ ഈ ബാലന്‍ തന്റെ മറ്റ് സഹോദരങ്ങളെ വിവരറിയിക്കുകയും അവര്‍ ഓടിയെത്തി കുട്ടിയെ നായ്ക്കളില്‍നിന്ന് രക്ഷിക്കുകയായിരുന്നു.
കുട്ടിയെ അടിയന്തിര വൈദ്യസഹായത്തിനായി ഉടന്‍ തന്നെ തുറൈഫ് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കുകളുടെ തീവ്രതയും പ്രത്യേക വൈദ്യചികിത്സയുടെ ആവശ്യകതയും കാരണം ബാലനെ പിന്നീട് റിയാദിലെ ആശുപത്രിയിലേക്ക് മാറ്റി. തെരുവ് നായ്ക്കളുടെ പ്രശ്‌നം പരിഹരിക്കാനും അവ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ഭീഷണി തടയാനും നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.



