ജിദ്ദ– ടി.എം.ഡബ്ല്യു.എ ജിദ്ദ (തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ) ഒരുക്കിയ സോക്കർ ഫെസ്റ്റിവൽ 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച ബവാദി മഹർ അക്കാദമി ഗ്രൗണ്ടിൽ ആവേശോജ്ജ്വലമായി നടന്നു. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന മേളയിൽ മുതിർന്നവർക്കുള്ള ടൂർണമെന്റിനൊപ്പം കുട്ടികൾക്കായുള്ള സൗഹൃദ മത്സരവും അരങ്ങേറി.
പറാൽ റിപ്പിൾസ്, ധർമ്മടം സെയിലേഴ്സ്, പുന്നോൽ ടൈഗേഴ്സ്, നെട്ടൂർ റോയൽസ് എന്നീ നാല് ടീമുകൾ റൗണ്ട് റോബിൻ ലീഗ് മച്ചുകളിൽ ഏറ്റുമുട്ടി. ആവേശകരമായ ഫൈനലിൽ ധർമ്മടം സെയിലേഴ്സിനെ തോൽപ്പിച്ച് പറാൽ റിപ്പിൾസ് കിരീടം സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി പി.ആർ.സഹീറും മികച്ച ഗോൾകീപ്പറായി മുഹമ്മദ് സഫറുല്ലയും തിരഞ്ഞെടുക്കപ്പെട്ടു.
അംഗങ്ങളുടെ കുട്ടികൾക്കായി നടന്ന സൗഹൃദ മത്സരവും വലിയ ആവേശം സൃഷ്ടിച്ചു. എവർട്ടൺ ഫൈസലിയ്യ, വെസ്റ്റ്ഹാം അസീസിയ്യ, വൂൾവ്സ് ബഗ്ദാദിയ്യ, ഫുൽഹാം ശറഫിയ്യ എന്നീ ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. ഫൈനലിൽ വെസ്റ്റ്ഹാം അസീസിയ്യയെ പരാജയപ്പെടുത്തി എവർട്ടൺ ഫൈസലിയ കിരീടം നേടി. ഐസാൻ അനസ് ടൂർണമെന്റിലെ മികച്ച കളിക്കാരനായപ്പോൾ, ആദം അമീർ മികച്ച ഫോർവേഡായും തെരഞ്ഞെടുക്കപ്പെട്ടു.
ടി.എം.ഡബ്ല്യു.എ. ജിദ്ദ പ്രസിഡൻറ് അർഷദ് അച്ചാരത്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്വാഗതപ്രഭാഷണം ജനറൽ സെക്രട്ടറി മഖ്ബൂൽ നിർവഹിച്ചു. പരിപാടിയുടെ രൂപകൽപനയും നടത്തിപ്പും എക്സിക്യൂട്ടീവ് അംഗങ്ങൾ മികച്ച രീതിയിൽ നിർവഹിക്കുകയും, സമ്മാനദാനച്ചടങ്ങ് ഇവന്റ്‌സ് ഹെഡ് ഷംസീർ.കെ.എം.ൻ്റെ നന്ദിപ്രകാശനത്തോടെ സമാപിക്കുകയും ചെയ്തു.
ഫ്യൂഷൻ ഫോർ ട്രേഡിംഗ്, അഷ്യൂറെക്സ് അസോസിയേറ്റ്സ്, ഗ്ലോബൽ സോഴ്സ് ട്രേഡിംഗ്, മിലൻ ട്രേഡിംഗ്, യു.ടി.എസ്.സി. എന്നിവരുടെ സഹകരണം ഫെസ്റ്റിവലിന് കൂടുതൽ നിറം പകർന്നു. കായിക മികവിനൊപ്പം സൗഹൃദവും ഐക്യവും നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ച് ടി.എം.ഡബ്ല്യു.എ. ജിദ്ദ സോക്കർ ഫെസ്റ്റിവൽ 2025 കളിക്കാരും, കാണികളും ഉൾപ്പടെ പങ്കെടുത്ത എല്ലാവർക്കും ഹൃദ്യമായ അനുഭവമായി.