റിയാദ് – തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (TMWA) തലശ്ശേരി ഫെസ്റ്റ് 2024 ൻ്റെ ഭാഗമായി സംഘടിപ്പിച്ച തലശ്ശേരി പ്രീമിയർ ലീഗ് സീസൺ 8 ക്രിക്കറ്റ് ടൂർണമെന്റിൽ ടീം സൗദാൽ ജേതാക്കളായി. ടീം ലോജികെയറിനെയാണ് ടീം സൗദാൽ തോൽപ്പിച്ചത്. റഫ്ഷാദ് വാഴയിൽ നായകനും , അഡ്വക്കേറ്റ് ഹാരിസ് തൈക്കണ്ടി മാനേജറും ജംഷീദ് അഹമ്മദ് മെന്ററുമായ ടീം സൗദാൽ, അൽത്താഫ് അലി ക്യാപ്റ്റനും സമീർ മയിലാടൻ മാനേജറും അൻവർ സാദത്ത് കാത്താണ്ടി മെന്ററുമായ ടീം ലോജികെയറിനെയാണ് പരാജയപ്പെടുത്തിയത്.
ടീം അലാംക്കോ സ്പേസ് വർക്സ്, ടീം എമിർക്കോം, ടീം അൽ അലാമി-മിക്സ്ടു, ടീം ആയിഷ മൾട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക് തുടങ്ങിയ ആറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് റിയാദിലെ സാസ് ക്രിക്കറ്റ് അക്കാദമിയിലാണ് അരങ്ങേറിയത്. ടി എം ഡബ്ള്യു എ റിയാദ് ജനറൽ സെക്രട്ടറി ടി.എം അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.
റഫ്ഷാദ് വാഴയിലാണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച നസ്മിൽ അബ്ദുള്ള മികച്ച ബാറ്റ്സ്മാൻ, പ്ലെയർ ഓഫ് ദി ടൂർണമെന്റ് എന്നീ അവാർഡുകൾ കരസ്ഥമാക്കി. മികച്ച ബൗളർ ആയി ഷഹീർ സല്ലു, ഫീൽഡർ ആയി മുഹമ്മദ് ഷാസ് കാത്താണ്ടി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഹിഷാം അഹമ്മദ്, റിള്വാൻ, മുഹമ്മദ് ഷാനിജ്, മുഹമ്മദ് ഫർഹാൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടി എം ഡബ്ള്യു എ റിയാദ് നിർവാഹക സമിതി അംഗങ്ങൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അലാംക്കോ സ്പേസ് വർക്സ് സി ഇ ഒ ഷാനവാസ് അഹമ്മദ്, മാദൻ അൽ ജസീറ സി ഇ ഒ മുദസ്സിർ തയ്യിൽ, നൂറാനാ മെഡിക്കൽ സെന്ററിലെ ഡോക്ടർ സഫീർ എന്നിവർ സന്നിഹിതരായിരുന്നു.
കൺവീനർ ഫുഹാദ് കണ്ണമ്പത്തിന്റെ നേതൃത്വത്തിൽ ടി എം ഡബ്ള്യു എ റിയാദ് സ്പോർട്സ് വിങ് ടൂർണമെന്റിനു മേൽനോട്ടം വഹിച്ചു. അഫ്താബ് അമ്പിലായിൽ നടത്തിയ തത്സമയ വിവരണം ഇടവേളകളിൽ ഹസീബ് മുഹമ്മദ് നടത്തിയ സ്പോർട്സ് ക്വിസ്, മാജിക് ബൗള് ഒരുക്കിയ തലശ്ശേരി ഭക്ഷണ ശാല എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു