ജിദ്ദ – അധിനിവിഷ്ട വെസ്റ്റ് ബാങ്കിനും ജോര്‍ദാനും ഇടയിലെ അല്‍കറാമ ബോര്‍ഡര്‍ ക്രോസിംഗില്‍ ഇന്നുണ്ടായ വെടിവെപ്പില്‍ മൂന്നു ഇസ്രായിലികള്‍ കൊല്ലപ്പെട്ടു. തോക്കുധാരി ട്രക്കില്‍ ജോര്‍ദാന്‍ ഭാഗത്തു നിന്ന് അതിര്‍ത്തിയിലെ കിംഗ് ഹുസൈന്‍ പാലത്തിനു സമീപം എത്തി ഇസ്രായിലി സുരക്ഷാ സൈനികര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. പ്രത്യാക്രമണത്തിലൂടെ അക്രമിയെ ഇസ്രായില്‍ സൈന്യം വധിച്ചു. കൊല്ലപ്പെട്ട മൂന്നു പേരും സാധാരണക്കാരായ ഇസ്രായിലികളാണെന്ന് ഇസ്രായിലി സൈന്യം പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട മൂന്നു പേരും ബോര്‍ഡര്‍ ക്രോസിംഗില്‍ ജോലി ചെയ്യുന്ന ഇസ്രായിലി സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് സ്‌കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജോര്‍ദാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അല്‍കറാമ ബോര്‍ഡര്‍ ക്രോസിംഗ് പ്രധാനമായും ഇസ്രായിലികളും ഫലസ്തീനികളും അന്താരാഷ്ട്ര ടൂറിസ്റ്റുകളുമാണ് ഉപയോഗിക്കുന്നത്. വെടിവെപ്പുണ്ടയാതോടെ അല്‍കറാമ ബോര്‍ഡര്‍ ക്രോസിംഗ് ഇസ്രായില്‍ സൈന്യം അടക്കുകയും ജോര്‍ദാനിലേക്ക് പോകാന്‍ എത്തിയ ഫലസ്തീനി യാത്രക്കാരെ തിരിച്ചയക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിന് ഗാസയില്‍ നിന്നുള്ള ഹമാസിന്റെ ആക്രമണം യുദ്ധത്തിന് തുടക്കമിട്ട ശേഷം ഇസ്രായില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിട്ടുണ്ട്. ഇടതൂര്‍ന്ന ഫലസ്തീന്‍ പാര്‍പ്പിട മേഖലകളില്‍ ഇസ്രായില്‍ പ്രതിദിനം സൈനിക റെയ്ഡുകള്‍ നടത്തുന്നു. ഫലസ്തീനികള്‍ക്കെതിരായ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളും ഇസ്രായിലികള്‍ക്കെതിരായ ഫലസ്തീനികളുടെ ആക്രമണങ്ങളും വര്‍ധിച്ചിട്ടുണ്ട്.