റിയാദ്: 1967 ജൂൺ 4-ന് നിർണിത അതിർത്തിയിൽ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ജനതയുടെ അവകാശം പൂർണമായി അംഗീകരിക്കുന്നതിലൂടെ മാത്രമേ മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയൂവെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി. ഫലസ്തീനിലെ തുടർച്ചയായ ഇസ്രായേൽ അധിനിവേശവും ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളും മേഖലയിൽ സമാധാനം കൈവരിക്കാനുള്ള ഏറ്റവും വലിയ തടസ്സമാണെന്ന്, ചൈനയിലെ ബീജിംഗിൽ, സിന്ഹുവ സർവകലാശാലയുമായി സഹകരിച്ച് കിംഗ് ഫൈസൽ സെന്റർ ഫോർ റിസർച്ച് ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസ് സംഘടിപ്പിച്ച “മധ്യപൗരസ്ത്യദേശത്ത് സുസ്ഥിര സമാധാനം കെട്ടിപ്പടുക്കൽ” എന്ന സെമിനാറിൽ അൽമുഅല്ലിമി വ്യക്തമാക്കി.
ഗാസയിൽ നടക്കുന്ന യുദ്ധം സൈനിക പരിഹാരങ്ങളുടെ പരാജയം തുറന്നുകാട്ടുന്നുവെന്നും, ഫലസ്തീനികളെ നിർബന്ധിച്ച് കുടിയിറക്കൽ എന്ന ആശയം ഒരു അറബ് രാജ്യത്തിനും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വംശീയ ഉന്മൂലനത്തിന്റെ എല്ലാ രൂപങ്ങളും ലോകം നിരാകരിക്കുന്നുണ്ടെന്നും, ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം പ്രോത്സാഹിപ്പിക്കാൻ ഫ്രാൻസുമായി സഹകരിച്ച് സൗദി അറേബ്യ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. യൂറോപ്പിലും വടക്കേ അമേരിക്കയിലും ഫലസ്തീൻ പ്രശ്നത്തോടുള്ള ആഗോള അനുഭാവം വർധിക്കുന്ന സാഹചര്യത്തിൽ, സൗദി അറേബ്യയുടെയും ചൈനയുടെയും നേതൃത്വത്തിൽ ഫലസ്തീൻ രാഷ്ട്രത്തിന്റെ വിശാലമായ അംഗീകാരത്തിനായി അന്താരാഷ്ട്ര ശ്രമങ്ങൾ സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൈനിക മേധാവിത്വത്തിലൂടെയോ തൽസ്ഥിതി അടിച്ചേൽപ്പിക്കുന്നതിലൂടെയോ സമാധാനം കെട്ടിപ്പടുക്കാനാകില്ല. നീതിയും നിയമാനുസൃത അവകാശങ്ങളുടെ അംഗീകാരവും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം സമാധാനം. ചൈനയുടെ വർധിച്ചുവരുന്ന അന്താരാഷ്ട്ര പങ്ക് പ്രശംസനീയമാണെന്നും, ചൈന-സൗദി പങ്കാളിത്തം ആഗോള ക്രമത്തിൽ സന്തുലിതാവസ്ഥക്കും മിതത്വത്തിനും പ്രേരകമാണെന്നും അൽമുഅല്ലിമി പറഞ്ഞു. സാങ്കേതിക, ആശയവിനിമയ പുരോഗതികൾ വസ്തുതകൾ വളച്ചൊടിക്കാനോ നിയമലംഘനങ്ങൾ ന്യായീകരിക്കാനോ ഉപയോഗിക്കുന്നതിനു പകരം, നീതിയുടെ വിഷയങ്ങൾ പിന്തുണക്കാനും അവബോധം വളർത്താനും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സെമിനാറിൽ മുൻ സൗദി രഹസ്യാന്വേഷണ ഏജൻസി തലവനും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ രാജകുമാരൻ, മുൻ ഈജിപ്ഷ്യൻ മന്ത്രി നബീൽ ഫഹ്മി, മുൻ ജോർദാൻ മന്ത്രി അബ്ദുൽഇലാഹ് അൽഖതീബ്, അക്കാദമിക് വിദഗ്ധർ, നയതന്ത്രജ്ഞർ എന്നിവർ പങ്കെടുത്തു.