ഗാസ: മധ്യഗാസയിലെ ദെയ്ർ അൽ-ബലഹ് പ്രദേശത്തെ താമസക്കാരോടും അഭയാർഥികളോടും തെക്കോട്ട് മാറാൻ ആവശ്യപ്പെട്ട് ഇസ്രായിൽ സൈന്യം പുറപ്പെടുവിച്ച ഒഴിപ്പിക്കൽ ഉത്തരവ്, യുദ്ധഭീതി നിറഞ്ഞ ഗാസയിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് മാരകമായ പ്രഹരം ഏൽപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഏകോപന ഓഫീസ് (OCHA) മുന്നറിയിപ്പ് നൽകി. ഇന്ന് പുറപ്പെടുവിച്ച കൂട്ട ഒഴിപ്പിക്കൽ ഉത്തരവ്, ഗാസയിൽ ആളുകളെ ജീവനോടെ നിലനിർത്തുന്നതിനുള്ള ഇതിനകം ദുർബലമായ ജീവൻരക്ഷാ ശ്രമങ്ങൾക്ക് “വിനാശകരമായ പ്രഹരം” നൽകുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി.
മധ്യഗാസയില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ഒഴിപ്പിക്കാന്‍ ഇസ്രായില്‍ സൈന്യം ഞായറാഴ്ച നിര്‍ദേശങ്ങള്‍ നല്‍കി. ദെയ്ര്‍ അല്‍ബലഹ് ഡിസ്ട്രിക്ടുകള്‍ക്ക് നേരെയുള്ള ആസന്നമായ ആക്രമണത്തിന്റെ സൂചനയാണ് സൈനിക ഒഴിപ്പിക്കല്‍ ഉത്തരവ്. തങ്ങളുടെ ബന്ധുക്കളെ അവിടെ തടവിലാക്കിയിരിക്കാമെന്ന് ഭയപ്പെടുന്ന ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങളിലും ഇത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ഗാസക്കാര്‍ അഭയം തേടുന്ന ദെയ്ര്‍ അല്‍ബലഹിന്റെ തെക്ക് പടിഞ്ഞാറുള്ള നിരവധി പ്രദേശങ്ങളിലുള്ള ആളുകളോട് അവരുടെ വീടുകള്‍ വിട്ട് തെക്കോട്ട് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇസ്രായില്‍ സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തു.
ഈ പ്രദേശത്തെ ശത്രുശക്തികളെയും തീവ്രവാദ കേന്ദ്രങ്ങളെയും നശിപ്പിക്കാനായി ഇസ്രായില്‍ പ്രതിരോധ സേന വലിയ ശക്തിയോടെ പ്രവര്‍ത്തിക്കുന്നത് തുടരുന്നതായി സൈന്യം പറഞ്ഞു. നിലവിലെ സംഘര്‍ഷത്തിനിടയില്‍ സൈനികര്‍ ഈ പ്രദേശങ്ങളില്‍ പ്രവേശിച്ചിട്ടില്ലെന്നും ഇസ്രായില്‍ സൈന്യം കൂട്ടിച്ചേര്‍ത്തു. ഹമാസ് ഇവിടെ ബന്ദികളെ പിടിച്ചുവെച്ചിട്ടുണ്ടെന്ന സംശയമാണ് സൈന്യം ഇതുവരെ പ്രദേശത്ത് പ്രവേശിക്കാത്തതിന് കാരണമെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു. ഹമാസിന്റെ പക്കല്‍ ബാക്കിയുള്ള 50 ഇസ്രായിലി ബന്ദികളില്‍ കുറഞ്ഞത് 20 പേരെങ്കിലും ഗാസയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു.
സംഭവത്തില്‍ ബന്ദികളുടെ കുടുംബങ്ങള്‍ സൈന്യത്തോട് വിശദീകരണം ആവശ്യപ്പെട്ടു. നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്റെ ചെലവില്‍ ഈ തീരുമാനം നടപ്പാക്കില്ലെന്ന് ആര്‍ക്കെങ്കിലും ഉറപ്പ് നല്‍കാന്‍ കഴിയുമോ? – കുടുംബങ്ങള്‍ പ്രസ്താവനയില്‍ ആരാഞ്ഞു. ദെയ്ര്‍ അല്‍ബലഹിലെ സൈനിക നീക്കം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ നടത്താന്‍ ഹമാസിനുമേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കാനുള്ള ശ്രമമായിരിക്കാമെന്ന് ഫലസ്തീനികള്‍ കരുതുന്നു. 60 ദിവസത്തെ വെടിനിര്‍ത്തലിലെത്താനും ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാറിലെത്താന്‍ ലക്ഷ്യമിട്ട് ഇസ്രായിലും ഹമാസും ദോഹയില്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ തിരുമാനമായിട്ടില്ല.