മദീന: തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ പെട്ട മൂന്നാം ബാച്ചിന്റെ വരവ് പൂര്‍ത്തിയായി. മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെത്തിയ തീര്‍ഥാടകരെ ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടെയാണ് ആഫ്രിക്കയിലെ പതിനെട്ടു രാജ്യങ്ങളില്‍ നിന്നുള്ള 250 തീര്‍ഥാടകര്‍ പ്രവാചക നഗരിയിലെത്തിയത്. കിംഗ് സല്‍മാന്‍ ഉംറ, സിയാറത്ത് പ്രോഗ്രാം നടപ്പാക്കുന്നതിന്റെ ചുമതലയുള്ള ഇസ്ലാമികകാര്യ മന്ത്രാലയമാണ് ഇവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
മസ്ജിദുന്നബവിയില്‍ നമസ്‌കാരം, റൗദ ശരീഫ് സന്ദര്‍ശനം, ഖുബാ മസ്ജിദ് സന്ദര്‍ശനം, ഉഹദ് രക്തസാക്ഷികളുടെ ഖബറിടങ്ങളിലെ സിയാറത്ത്, കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്സ് സന്ദര്‍ശനം, പ്രവാചക ചരിത്രവും ഇസ്ലാമിക സംസ്‌കാരവും പരിചയപ്പെടുത്തുന്ന എക്സിബിഷന്‍, മ്യൂസിയം സന്ദര്‍ശനം, മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങളുടെ സന്ദര്‍ശനം എന്നിവ കിംഗ് സല്‍മാന്‍ ഉംറ, സിയാറത്ത് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു.
മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി അതിഥികള്‍ മക്കയിലേക്ക് പോയി ഉംറ കര്‍മം നിര്‍വഹിക്കും. മക്കയില്‍ ഉമ്മുജൂദ് ഡിസ്ട്രിക്ടിലെ കിംഗ് അബ്ദുല്‍ അസീസ് കിസ്വ കോംപ്ലക്സ് അടക്കമുള്ള കേന്ദ്രങ്ങളുടെ സന്ദര്‍ശനത്തിനും ഇവര്‍ക്ക് അവസരമൊരുക്കും. ഈജിപ്ത്, മൊറോക്കൊ, തുനീഷ്യ, അള്‍ജീരിയ, മാലി, സെനഗല്‍, കാമറൂണ്‍, ഛാഢ്, കെനിയ, നൈജീരിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, മഡഗാസ്‌കര്‍, എത്യോപ്യ, മൗറീഷ്യസ്, ഗ്വിനിയ, മൊസാംബിക്ക്, മൗറിത്താനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 250 തീര്‍ഥാടകരാണ് മൂന്നാം ബാച്ചിലുള്ളത്.
കിംഗ് സല്‍മാന്‍ ഉംറ, സിയാറത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഈ വര്‍ഷം ഇന്ത്യയും പാക്കിസ്ഥാനും അടക്കം 66 രാജ്യങ്ങളില്‍ നിന്നുള്ള ആയിരം പേര്‍ക്കാണ് ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കുന്നത്. 250 പേര്‍ വീതം അടങ്ങിയ നാലു ഗ്രൂപ്പുകളായാണ് ഇവര്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഇക്കൂട്ടത്തില്‍ പെട്ട രണ്ടു ഗ്രൂപ്പുകള്‍ നേരത്തെ ഉംറയും സിയാറത്തും പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. മദീനയിലും മക്കയിലുമായി പത്തു ദിവസമാണ് രാജാവിന്റെ അതിഥികള്‍ ചെലവഴിക്കുക.