ജിദ്ദ – സൗദിയിലെ മൂന്നു പ്രവിശ്യകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സപ്പോട്ട കൃഷി വിജയകരമാണെന്ന് തെളിഞ്ഞതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ജിസാന്‍, കിഴക്കന്‍ പ്രവിശ്യ, അസീര്‍ പ്രവിശ്യകളിലാണ് സപ്പോട്ട കൃഷി ആരംഭിച്ചിരിക്കുന്നത്. ഈ ചുവടുവെപ്പ് രാജ്യത്ത് കാര്‍ഷിക, സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ വിലപ്പെട്ട കൂട്ടിച്ചേര്‍ക്കലാണ്.
മധ്യഅമേരിക്കയാണ് സപ്പോട്ട മരങ്ങളുടെ ഒറിജിനല്‍ പ്രദേശം. 20 മീറ്റര്‍ വരെ ഉയരത്തില്‍ എത്തുന്ന ഇടത്തരം വലിപ്പമുള്ള നിത്യഹരിത വൃക്ഷമാണ് സപ്പോട്ട. ക്ഷീര വ്യവസായം, ഡെന്റല്‍ ഫില്ലിംഗുകള്‍ തുടങ്ങിയ നിരവധി വ്യവസായങ്ങളില്‍ സപ്പോട്ട ഉപയോഗിക്കുന്നു. ഇത് ഈ കൃഷിയുടെ സാമ്പത്തിക മൂല്യം വര്‍ധിപ്പിക്കുന്നു. വരണ്ടതും ചൂടുള്ളതുമായ പ്രദേശങ്ങളില്‍ വളരുന്നതിനാലും മൈനസ് 52 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന താപനില സഹിക്കുന്നതിനാലും സപ്പോട്ട വൃക്ഷം സൗദി അറേബ്യയുടെ പാരിസ്ഥിതിക സാഹചര്യങ്ങളുമായി വളരെ പൊരുത്തപ്പെടുന്നു.
രാജ്യത്ത് ഒന്നിലധികം പ്രവിശ്യകളില്‍ സപ്പോട്ട മരം നട്ടുപിടിച്ചതിന്റെ വിജയം സ്വയംപര്യാപ്തത കൈവരിക്കുന്നതിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിലും ഇത്തരത്തിലുള്ള കൃഷിയുടെ വലിയ സാധ്യത കാണിക്കുന്നു. സപ്പോട്ട വൃക്ഷങ്ങള്‍ സാമ്പത്തികമായി മാത്രമല്ല പ്രയോജനം ചെയ്യുന്നത്, മറിച്ച്, അവ കാര്‍ഷിക വൈവിധ്യം വര്‍ധിപ്പിക്കുകയും രാജ്യത്തെ പാരിസ്ഥിതി സുസ്ഥിരത നിലനിര്‍ത്തുകയും ചെയ്യുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.
സപ്പോട്ട പഴത്തില്‍ പഞ്ചസാര, അന്നജം, അസ്‌കോര്‍ബിക് ആസിഡ് തുടങ്ങിയ സമ്പന്നമായ പോഷക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതായി ജിസാന്‍ പ്രവിശ്യ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി അവാജി ബിന്‍ ഹൈദര്‍ പറഞ്ഞു. മധുരമേറിയ ഇവ ഫ്രഷ് ആയും ജാം നിര്‍മാണത്തിനും ഉപയോഗിക്കാവുന്നതാണ്. ഉചിതമായ കാര്‍ഷിക മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ടും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ആവശ്യമായ വളങ്ങളും വിഭവങ്ങളും നല്‍കിക്കൊണ്ടും ഇത്തരം സംരംഭങ്ങളെ പിന്തുണക്കുന്നത് മന്ത്രാലയം തുടരും.
വളപ്രയോഗത്തില്‍ സപ്പോട്ട മരങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മുതിര്‍ന്ന വൃക്ഷത്തിന് പ്രതിവര്‍ഷം ഒന്നര കിലോ നൈട്രജനും അര കിലോഗ്രാം പൊട്ടാസ്യം സള്‍ഫേറ്റും സുപ്പര്‍ഫോസ്‌ഫേറ്റും ആവശ്യമാണ്. കൃത്യമായ വളപ്രയോഗം സുസ്ഥിരമായ വളര്‍ച്ചക്കും ഉയര്‍ന്ന ഉല്‍പാദനക്ഷമതക്കും സഹായിക്കും. കാര്‍ഷിക മേഖല വികസിപ്പിക്കാനും മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ കാര്‍ഷിക മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാനും പുതിയതും ലാഭകരവുമായ വിളകള്‍ സ്വീകരിക്കുന്നതില്‍ പ്രാദേശിക കര്‍ഷകരെ പിന്തുണക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സപ്പോട്ട കൃഷി പ്രോത്സാഹിപ്പിക്കുന്നതെന്നും അവാജി ബിന്‍ ഹൈദര്‍ പറഞ്ഞു.