മദീന – സൗദിയ വഴി എത്തിയ ഈ വര്‍ഷത്തെ അവസാനത്തെ ഹജ് സംഘം മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വദേശത്തേക്ക് മടങ്ങി. ഉപഹാരങ്ങള്‍ വിതരണം ചെയ്ത് അവസാന സംഘത്തെ ഗ്രൗണ്ട് ഓപ്പറേഷന്‍സ് കാര്യങ്ങള്‍ക്കുള്ള സൗദിയ വൈസ് പ്രസിഡന്റ് മുഹമ്മദ് ബാഅക്ദയുടെ നേതൃത്വത്തില്‍ സൗദിയ അധികൃതര്‍ യാത്രയാക്കി. ഇന്തോനേഷ്യയിലെ കെര്‍തജാതി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള ഫ്‌ളൈറ്റില്‍ 320 തീര്‍ഥാടകരാണുണ്ടായിരുന്നത്. ഇതോടെ ഈ വര്‍ഷത്തെ സൗദിയ ഹജ് ഓപ്പറേഷന്‍ പൂര്‍ത്തിയായി.
ഹജ് സീസണ്‍ കാലയളവും ഈ വര്‍ഷത്തെ വേനല്‍ക്കാല പദ്ധതി കാലയളവും ഒരുമിച്ചു വന്നിട്ടും 74 ദിവസം നീണ്ട ഹജ് സര്‍വീസ് കാലത്ത് പ്രവര്‍ത്തനക്ഷമതയും ഫ്‌ളൈറ്റ് സമയ നിഷ്ഠയുടെ ഉയര്‍ന്ന നിരക്കുകളും കൈവരിക്കാന്‍ സൗദിയക്ക് സാധിച്ചു. ഡിജിറ്റല്‍ സേവനങ്ങള്‍, എയര്‍പോര്‍ട്ടുകളിലെ സേവനങ്ങള്‍, ആകാശത്തെ സേവനങ്ങള്‍ എന്നിവ അടക്കം ആത്മീയ യാത്ര സമ്പന്നമാക്കാന്‍ സഹായിക്കുന്ന മികച്ച സേവനങ്ങളാണ് ഹജ് തീര്‍ഥാടകര്‍ക്ക് സൗദിയ നല്‍കിയത്. എയര്‍ക്രാഫ്റ്റ് സ്‌ക്രീനുകളില്‍ സംയോജിപ്പിച്ച വിവിധ പ്രോഗ്രാമുകള്‍ പല ഭാഷകളിലും തീര്‍ഥാടകരെ ബോധവല്‍ക്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായും സൗദിയ പറഞ്ഞു.