മക്ക – വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹജിനു മുന്നോടിയായി ഹറംകാര്യ വകുപ്പ് ഉയര്‍ത്തിക്കെട്ടി. ബുധനാഴ്ച (ഇന്നലെ) രാത്രി ഇശാ നമസ്‌കാരത്തിനു ശേഷമാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടല്‍ ജോലികള്‍ ആരംഭിച്ചത്. തറനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ ഉയര്‍ത്തിയത്. ഉയര്‍ത്തിക്കെട്ടിയ കിസ്‌വയുടെ ഭാഗം തൂവെള്ള പട്ടുതുണി കൊണ്ട് മൂടിയിട്ടുമുണ്ട്. ഹറംകാര്യ വകുപ്പിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ നിര്‍മാണ കോംപ്ലക്‌സിലെ 36 വിദഗ്ധ സൗദി ജീവനക്കാര്‍ കിസ്‌വ ഉയര്‍ത്തിക്കെട്ടല്‍ ജോലികളില്‍ പങ്കെടുത്തു. ഇതിന് പത്തു ക്രെയിനുകളും ഉപയോഗിച്ചു.
കടുത്ത തിരക്കിനിടെ ഹജ് തീര്‍ഥാടകര്‍ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വര്‍ഷവും ഹജ് കാലത്ത് കിസ്‌വ ഉയര്‍ത്തിക്കെട്ടാറുണ്ട്. ഹജ് തീര്‍ഥാടകര്‍ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹജ് ഒമ്പതിന് പഴയ കിസ്‌വ മാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. പുതിയ കിസ്‌വ അണിയിച്ചാലും കിസ്‌വയുടെ അടിഭാഗം ഉയര്‍ത്തിക്കെട്ടും. ഹജ് സീസണ്‍ അവസാനിക്കുന്നതോടെ കിസ്‌വ പഴയപടി താഴ്ത്തിക്കെട്ടും.
വൃത്തിയായി സൂക്ഷിക്കാനും കേടാകാതെ നോക്കാനുമാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്. തെറ്റായ വിശ്വാസം മൂലം ചിലര്‍ കിസ്‌വയില്‍ നിന്ന് നൂലുകള്‍ വലിച്ചെടുക്കാറുണ്ട്. മറ്റു ചിലര്‍ അനുഗ്രഹം തേടി കിസ്‌വയെ സ്പര്‍ശിക്കുകയും ചുംബിക്കുകയും മറ്റും ചെയ്യാറുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഹജ് കാലത്ത് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്.