മക്ക – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅബാലയം കഴുകി. ഇന്ന് രാവിലെ സുബ്ഹി നമസ്‌കാരാനന്തരമാണ് കഴുകല്‍ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഹറംകാര്യ വകുപ്പ് പ്രത്യേകം തയാറാക്കിയ പനിനീരും ഊദ് ഓയിലും സുഗന്ധങ്ങളും കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅബാലയത്തിന്റെ ഉള്‍വശം കഴുകിയത്. ഈ വെള്ളത്തില്‍ കുതിര്‍ത്ത തുണി ഉപയോഗിച്ച് കഅ്ബാലയത്തിന്റെ ചുമരുകള്‍ തുടക്കുകയും ചെയ്തു.
ഹജ്, ഉംറ മന്ത്രിയും ഹറംകാര്യ വകുപ്പ് മേധാവിയുമായ ഡോ. തൗഫീഖ് അല്‍റബീഅയും ഹറംകാര്യ വകുപ്പ് മേധാവി സി.ഇ.ഒ എന്‍ജിനീയര്‍ ഗാസി അല്‍ശഹ്‌റാനിയും കഅബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിച്ചു. കഴുകല്‍ ചടങ്ങിന് മുന്നോടിയായി ഇന്നലെ കഅബാലയത്തെ അണിയിച്ച കിസ്‌വ ഉയര്‍ത്തിക്കെട്ടിയിരുന്നു.
കഅബാലയത്തിന്റെ തറയിലെ പൊടിയും മണ്ണും നീക്കം ചെയ്തുകൊണ്ടാണ് കഅബാലയം കഴുകുന്ന ചടങ്ങ് ആരംഭിച്ചത്. പിന്നീട് പനിനീരും മുന്തിയ ഊദ് ഓയിലും മറ്റു സുഗന്ധങ്ങളും കലര്‍ത്തിയ സംസം വെള്ളം നിറച്ച ചെമ്പ് പാത്രങ്ങള്‍ കൊണ്ടുവന്നു. ഈ പാത്രങ്ങളിലെ വെള്ളത്തില്‍ തുണികള്‍ കുതിര്‍ത്ത് അകത്തെ ചുവരുകള്‍ തുടച്ചു. ശേഷം കഅബലായത്തിനുള്ളിലെ മൂന്ന് തൂണുകളും തറയും കഴുകി. തുടര്‍ന്ന് തുണികള്‍ ഉപയോഗിച്ച് കഅബാലയം തുടച്ച് ഉണക്കി. ഒടുവില്‍, ഊദ് ഓയിലും റോസ് ഓയിലും കലര്‍ത്തിയ തുണി ഉപയോഗിച്ച് ചുവരുകളില്‍ സുഗന്ധംപൂശി.
കഴുകല്‍ ചടങ്ങിന് 20 ലിറ്റര്‍ സംസം വെള്ളമാണ് ഹറംകാര്യ വകുപ്പ് പ്രത്യേകം തയാറാക്കുന്നത്. പത്തു ലിറ്റര്‍ ശേഷിയുള്ള രണ്ടു വെള്ളി കന്നാസുകളില്‍ ഈ വെള്ളം സൂക്ഷിക്കുന്നു. ഹറംകാര്യ വകുപ്പിന്റെ എംബ്ലവും വിഷന്‍ 2030 പദ്ധതി മുദ്രയും കന്നാസുകളില്‍ പതിച്ചിട്ടുണ്ട്. ഇതില്‍ ഒരു കന്നാസില്‍ 549 മില്ലീലിറ്റര്‍ തായിഫ് പനിനീരും ഉയര്‍ന്ന ഗുണമേന്മയുള്ള 24 മില്ലീലിറ്റര്‍ തായിഫ് റോസ് ഓയിലും ഹറമിലെ ഉപയോഗത്തിന് പ്രത്യേകം തയാറാക്കുന്ന 24 മില്ലീലിറ്റര്‍ ഊദ് ഓയിലും മൂന്നു മില്ലീലിറ്റര്‍ കസ്തൂരിയും കലര്‍ത്തുന്നു. കഴുകല്‍ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നതിനു മുമ്പായി ഈ കന്നാസിലെ വെള്ളം നന്നായി കലക്കും. രണ്ടാമത്തെ വെള്ളി കന്നാസില്‍ യാതൊന്നും കൂട്ടിച്ചേര്‍ക്കാത്ത സംസം വെള്ളമാണുണ്ടാവുക.
പനിനീരും റോസ് ഓയിലും ഊദ് എണ്ണയും കസ്തൂരിയും കലര്‍ത്തിയ സംസം വെള്ളത്തിന്റെ പകുതിയും ഒന്നും കലര്‍ത്താത്ത സംസം വെള്ളം പൂര്‍ണമായും വിശുദ്ധ കഅ്ബാലയത്തിന്റെ നിലം കഴുകാന്‍ ഉപയോഗിക്കും. കഴുകല്‍ ചടങ്ങ് ആരംഭിക്കുന്നതിനു മുമ്പായി കഅ്ബാലയത്തിന്റെ ഉള്‍വശത്ത് ഏറ്റവും മുന്തിയ ഊദ് ഉപയോഗിച്ച് പുകക്കും. ഇതിന് അര കിലോ ഊദ് ആണ് ഉപയോഗിക്കുന്നത്.
ഹറംകാര്യ വകുപ്പിന്റെ എംബ്ലം മുദ്രണം ചെയ്ത മുന്തിയ ഇനം കോട്ടന്‍ തുണിക്കഷ്ണങ്ങളാണ് കഅ്ബാലയത്തിന്റെ ചുമരുകളും തൂണുകളും നനച്ച് തുടക്കാന്‍ ഉപയോഗിക്കുന്നത്. ചുമരുകള്‍ തുടക്കുന്നതിനു മുമ്പായി ഈ തുണിക്കഷ്ണങ്ങളില്‍ നേരിട്ട് ഊദ് എണ്ണ ചേര്‍ക്കും. സുഗന്ധങ്ങള്‍ കലര്‍ത്തി പ്രത്യേകം തയാറാക്കിയ അഞ്ചു ലിറ്റര്‍ സംസം വെള്ളമാണ് ചുമരുകളും തൂണുകളും തുടക്കാന്‍ ഉപയോഗിക്കുന്നത്.
കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഹറമിന്റെ ഉള്‍വശം ഉണക്കാന്‍ വെള്ളി പിടികളുള്ള പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. വെള്ളി പിടികളില്‍ ഹറംകാര്യ വകുപ്പിന്റെ എംബ്ലവും വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകല്‍ ചടങ്ങ് പ്രതിപാദിക്കുന്ന കവിതാശകലവും ആലേഖനം ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണ കഅ്ബാലയം കഴുകിയിരുന്നു. ഇപ്പോള്‍ കൊല്ലത്തില്‍ ഒരു തവണയാണ് വിശുദ്ധ കഅ്ബാലയം കഴുകുന്നത്. എല്ലാ വര്‍ഷവും മുഹറം പതിനഞ്ചിനാണ് കഴുകല്‍ ചടങ്ങ് നടത്തുന്നത്.