ജിദ്ദ: സംസ്ഥാന ഹജ് കമ്മിറ്റി വഴി പരിശുദ്ധ ഹജ്ജ് കർമ്മത്തിന് മലയാളി തീർത്ഥാടകരുടെ ആദ്യസംഘം ഇന്ന് പുലർച്ചെ ജിദ്ദയിലെത്തി. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐ.എക്‌സ് 3011 നമ്പർ വിമാനത്തിൽ 166 തീർത്ഥാടകരാണ് എത്തിയത്.
രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങളും ജിദ്ദയിലെത്തും.
ആദ്യവിമാനത്തിൽ പുറപ്പെടുന്ന തീർഥാടകർ രാവിലെ 10 മണിക്കും രണ്ടാമത്തെ സംഘം ഉച്ചയ്ക്ക് 12 മണിക്കും മൂന്നാമത്തെ സംഘം ഉച്ചയ്ക്ക് രണ്ടുമണിക്കും ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിലും ഹജ്ജ് ഹൗസിലും തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ ഹജ്ജ് കമ്മിറ്റി ഒരുക്കിയിയിരുന്നു.
59 വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് ഹജ്ജിനായി എയർ ഇന്ത്യ എക്പ്രസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. വെയിറ്റിങ് ലിസ്റ്റിൽനിന്ന് ഇതിനകം അവസരം ലഭിച്ചവർക്കുള്ള അധികവിമാനവും ജൂൺ ഒൻപതിനു മുൻപുള്ള ഷെഡ്യൂളിൽ ഉൾപ്പെടുത്തും. ദിവസവും മൂന്ന് വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് സർവീസ് നടത്തുക. ജൂൺ എട്ടിന് നാലു വിമാനങ്ങൾ.
ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നത്. ആകെ തീർത്ഥാടകരിൽ 7279 പേർ പുരുഷന്മാരും 10604 പേർ സ്ത്രീകളുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. കോഴിക്കോട് (കരിപ്പൂർ) എംബാർക്കേഷൻ വഴി 10430 പേരും കൊച്ചി വഴി 4273, കണ്ണൂർ വഴി 3135 പേരുമാണ് വരുന്നത്. സംസ്ഥാനത്ത് നിന്നുള്ള 37 പേർ ബാംഗ്ലൂർ, അഞ്ച് പേർ ചെന്നെ, മൂന്ന് പേർ മുംബൈ വഴിയും ജിദ്ദയിൽ എത്തും.