- ഇറാനുമായി ചേര്‍ന്ന് സംയുക്ത സൈനിക അഭ്യാസം നടത്തില്ല
റിയാദ് – ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തെ ഇസ്രായിലികളുടെ സ്വീകാര്യതയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. റിയാദില്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് ഇസ്രായിലികള്‍ അത് അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതുമായി ബന്ധപ്പെട്ടിട്ടല്ല. മറിച്ച്, അത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ പ്രമേയങ്ങളുടെയും നിയമങ്ങളുമായും തത്വങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നത്.
ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനു മുമ്പായി ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്ന കാര്യമേ ഉദിക്കുന്നില്ല. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുകയും ഇത് മൂര്‍ത്തമായ നടപടികളിലേക്ക് വിവര്‍ത്തനം ചെയ്യുകയും വേണം. ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശം ഉറപ്പുവരുത്തണം. ഫലസ്തീന്‍ എത്രയും വേഗം ഐക്യരാഷ്ട്രസഭയില്‍ അംഗമാകണം.
ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പരിഹാരം കാണുകയും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്ക് മുന്നോട്ടുപോകാനുള്ള വഴി കണ്ടെത്തുകയും ചെയ്തില്ലെങ്കില്‍ മേഖലയുടെ സുരക്ഷ അപകടത്തിലാകും.
ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ വ്യക്തമായ പാതയും പരിഹാരവും കണ്ടില്ലെങ്കില്‍ സൗദി അറേബ്യ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത് മാത്രല്ല, മേഖലയിലെ മറ്റു രാജ്യങ്ങള്‍ ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കുന്നതും അപകടത്തിലാകും. ഇസ്രായില്‍ പുതിയ പുതിയ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുന്നതു കാരണം ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടു. ഉത്തര ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയാണ്. ഇത് മേഖലയില്‍ അക്രമത്തിന്റെ ചക്രത്തിന് ഇന്ധനം നല്‍കും. ഗാസയിലെ ഇസ്രായില്‍ ആക്രമണം മാനുഷിക ദുരന്തത്തിന് ഇടയാക്കി.
മേഖലയിലെ ജിയോപൊളിറ്റിക്കല്‍ സങ്കീര്‍ണതകള്‍ക്കിടെയും ഇറാനുമായുള്ള സൗദി അറേബ്യയുടെ ബന്ധങ്ങള്‍ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കാനും തെറ്റിദ്ധാരണകള്‍ ഇല്ലെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ സത്യസന്ധവും വ്യക്തവുമായ ചര്‍ച്ചകള്‍ നടത്തി. സൗദി അറേബ്യയുടെയും ഇറാന്റെയും മാത്രമല്ല, പ്രാദേശിക സ്ഥിരതയുടെയും താല്‍പര്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന കൂടുതല്‍ സ്ഥിരതയിലേക്കും ശക്തമായ ബന്ധത്തിലേക്കും സാവധാനം മുന്നോട്ടുനീങ്ങാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. മേഖലയില്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നതിന്റെ അപകടത്തെ കുറിച്ച് ഇറാന് ബോധ്യമുണ്ട്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നു.
സംഘര്‍ഷം മൂര്‍ഛിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടത് പ്രധാനമാണെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയോട് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തീര്‍ച്ചയായും അവര്‍ക്ക് അവരുടെതായ തന്ത്രപരമായ കണക്കുകൂട്ടലുകള്‍ ഉണ്ടാകാം. സൗദി അറേബ്യയുടെ വീക്ഷണ കോണില്‍ മേഖലാ സ്ഥിരതക്ക് അനുയോജ്യമല്ലാത്ത പെരുമാറ്റമാണ് ഇറാനുമായുള്ള ഭിന്നതക്കുള്ള ഒരു കാരണം. ബെയ്ജിംഗില്‍ വെച്ച് നടത്തിയ ചര്‍ച്ചകളില്‍ ഇറാന്‍ അധികൃതര്‍ക്കു മുന്നില്‍ ഇക്കാര്യം സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. ശരിയായ ദിശയില്‍ നീങ്ങുന്നുവെന്ന് ഉറപ്പാക്കുന്ന നിലയിലാണ് സൗദി അറേബ്യയും ഇറാനും ചര്‍ച്ചകള്‍ നടത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സൗദി അറേബ്യ ഇറാനുമായി ചേര്‍ന്ന് സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തുന്നു എന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. സമീപ ഭാവിയില്‍ ഇത്തരമൊരു സൈനിക അഭ്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
പുരോഗതിയുടെ പ്രയാണം തുടരാനും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും അനുവദിക്കുന്ന വിധത്തില്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൗദി അറേബ്യയും പൊതുവെ ഗള്‍ഫ് രാജ്യങ്ങളും പ്രാപ്തരാണ്. സൗദി അറേബ്യയുടെ വിദേശ നയത്തില്‍ അവ്യക്തതയില്ല. ഗാസ പ്രശ്‌നം ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളിലും സൗദി അറേബ്യക്ക് സുവ്യക്തമായ നിലപാടാണുള്ളത്. അമേരിക്കയുടെ ശക്തമായ വാണിജ്യ പങ്കാളിയാണ് സൗദി അറേബ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ഏറ്റവും മികച്ച നിലയിലാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് സൗദി അറേബ്യ പ്രത്യേകം മുന്‍ഗണന കല്‍പിക്കുന്നില്ല. അമേരിക്കന്‍ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുന്ന ഏതു പ്രസിഡന്റുമായും സഹകരിക്കാന്‍ സൗദി അറേബ്യ ഒരുക്കമാണെന്നും വിദേശ മന്ത്രി പറഞ്ഞു.