ജിദ്ദ – സൗദിയില്‍ വ്യോമ പ്രതിരോധ സംവിധാനത്തിന് പുതിയ കരുത്ത് പകര്‍ന്ന്, ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (താഡ്) മിസൈല്‍ രാജ്യത്തിന്റെ സൈനിക സംവിധാനത്തിന്റെ ഭാഗമായി. ആദ്യ യൂനിറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിസ്റ്റം പരിശോധന, വിലയിരുത്തല്‍, സൗദി അറേബ്യക്കകത്ത് ഉദ്യോഗസ്ഥര്‍ക്കുള്ള ഫീല്‍ഡ് പരിശീലനം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ആദ്യ താഡ് യൂനിറ്റ് വ്യോമ പ്രതിരോധ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയത്.
ജിദ്ദയിലെ എയര്‍ ഡിഫന്‍സ് ഫോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ മസ്‌യദ് അല്‍അംറ് യൂനിറ്റിന്റെ പതാക ഒന്നാം എയര്‍ ഡിഫന്‍സ് ഗ്രൂപ്പ് കമാന്‍ഡറിന് ഔദ്യോഗികമായി കൈമാറി.
ആദ്യത്തെ താഡ് ബാറ്ററിയുടെ വിന്യാസം രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങളുടെയും ദേശീയ താല്‍പര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള വിശാലമായ പ്രതിരോധ പദ്ധതിയുടെ ഭാഗമാണ്.


അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസിലെ ഫോര്‍ട്ട് ബ്ലിസില്‍ പ്രത്യേക പരിശീലന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യോമ പ്രതിരോധ സേന ഒന്നും രണ്ടും താഡ് യൂനിറ്റുകള്‍ക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ബിരുദം നല്‍കിയിരുന്നു.