ബുറൈദ: അൽഖസീമിൽ മൂന്ന് സൗദി ഭീകരർക്ക് ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുക, ബോംബുകളും ബെൽറ്റ് ബോംബുകളും നിർമിക്കാൻ പദ്ധതിയിടുക, ആയുധങ്ങളും വെടിയുണ്ടകളും കൈവശം വയ്ക്കുക, ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ട മിസ്അബ് ബിൻ മുഹമ്മദ് ബിൻ അലി അൽറബ്ഇ, അബ്ദുല്ല ബിൻ ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽമുഹൈമിദ്, റയാൻ ബിൻ അബ്ദുസ്സലാം ബിൻ അലി അൽറബ്ഇ എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
ഇവരുടെ ഭീകര പ്രവർത്തനങ്ങളുടെ ഫലമായി ഒരു സുരക്ഷാ സൈനികനും ഒരു വിദേശിയും കൊല്ലപ്പെട്ടിരുന്നു. സാമൂഹിക സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെ മറ്റു ഭീകരാക്രമണങ്ങൾ നടത്താനും മൂവരും പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.