ജിദ്ദ – സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ ഉയര്‍ന്ന തുകക്ക് നേടിയെടുക്കാന്‍ ശ്രമിച്ച് പരസ്പരം ഒത്തുകളിച്ചും ഏകോപനത്തോടെയും ടെണ്ടറുകള്‍ സമര്‍പ്പിച്ച് കോംപറ്റീഷന്‍ നിയമം ലംഘിച്ച 24 സ്ഥാപനങ്ങള്‍ക്ക് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ 1.7 കോടിയിലേറെ റിയാല്‍ പിഴ ചുമത്തി.
സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്തുകയും കുത്തകവല്‍ക്കരണം അടക്കമുള്ള നിയമ ലംഘനങ്ങള്‍ ചെറുക്കുകയും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന കോംപറ്റീഷന്‍ നിയമം സ്ഥാപനങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു.
ആവശ്യമായ അന്വേഷണങ്ങള്‍ നടത്തിയ ശേഷം, നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനങ്ങള്‍ പുറപ്പെടുവിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ കോംപറ്റീഷന്‍ നിയമ ലംഘനങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറുകയുമായിരുന്നു. ഈ സ്ഥാപനങ്ങള്‍ക്കെതിരെ കമ്മിറ്റി പതിനഞ്ച് ശിക്ഷാ തീരുമാനങ്ങള്‍ പുറപ്പെടുവിച്ചു. ഇരുപത്തിനാലു സ്ഥാപനങ്ങള്‍ക്ക് ആകെ 1,72,91,831 റിയാലാണ് പിഴ ചുമത്തിയതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ അറിയിച്ചു.