റിയാദ്: മലയാളി നൽകിയ പൂന്തോട്ട പരിചരണ വിസയിൽ സൗദിയിലെത്തി മരുഭൂമിയിൽ ഒന്നര വർഷത്തോളം കുടുങ്ങിയ തമിഴ്നാട് സ്വദേശി മലയാളി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ നാടണഞ്ഞു. തമിഴ്നാട് സ്വദേശിയായ അമ്മാസിയാണ് ദുരിതപർവ്വത്തിനു ശേഷം കൂടുംബത്തിൽ തിരിച്ചെത്തിയത്. 150ഓളം വരുന്ന ആടുകളെ മേക്കുന്ന ജോലിയിൽ കുടുങ്ങിയ അമ്മാസി സ്പോൺസറിൽ നിന്ന് മർദനവും ഏറ്റിരുന്നു. അമ്മാസിയുടെ കുടുംബം സാമൂഹ്യ പ്രവർത്തകർ വഴി ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിരുന്നു. എംബസി ചുമതലപ്പെടുത്തിയതു പ്രകാരം സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരാണ് അമ്മാസിയെ അന്വേഷിച്ചു കണ്ടെത്തിയത്.
അമ്മാസി ജോലി ചെയ്യുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി സിദ്ദീഖ് ഉദ്യോഗസ്ഥരുമായി വിഷയം സംസാരിച്ചിരുന്നു. റിയാദിൽ നിന്ന് 450 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. സ്പോൺസറോട് അമ്മാസിയെ സ്റ്റേഷനിൽ ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടു. ഇതിനിടെ സ്പോൺസർ അയച്ചു നൽകിയ ലൊക്കേഷനിലേക്ക് അദ്ദേഹത്തെ തേടി പോയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സ്പോൺസർ തന്നെ പൊലീസ് നിർദേശം അനുസരിച്ച് അമ്മാസിയുടമായി സ്റ്റേഷനിൽ ഹാജരായി. ശമ്പള കുടിശ്ശിക നൽകി രണ്ടാഴ്ച്ചയ്ക്കുള്ളിൽ നാട്ടിലേക്കയക്കാമെന്നേറ്റു. എന്നാൽ ഒക്ടോബറിൽ എക്സിറ്റ് വിസ ഇഷ്യൂ ചെയ്തെങ്കിലും നാട്ടിലേക്ക് വിട്ടില്ല. വീണ്ടും പൊലീസും ഇന്ത്യൻ എംബസിയും മുഖേന സിദ്ദീഖ് സ്പോൺസറെ ബന്ധപ്പെട്ടു. ഒടുവിൽ കഴിഞ്ഞ ദിവസം അമാവാസിക്ക് ഖസീ വിമാനത്താവളം വഴി നാട്ടിലേക്ക് വഴിതുറക്കുകയായിരുന്നു.
ഇത്തരം തൊഴിൽ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സൗദി അധികൃതരുടെ ഭാഗത്ത് നിന്ന് വളരെ നല്ല സമീപനമാണുണ്ടാകാറുള്ളതെന്നും അൽപം താമസിച്ചാലും നീതി ലഭിക്കുമെന്നതാണ് അനുഭവമെന്നും സിദ്ദീഖ് തുവ്വൂർ പറഞ്ഞു. ഇന്ത്യൻ എംബസി, സൗദി പോലീസ്, സാമൂഹ്യ പ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരുടെ പിന്തുണയ്ക്കും സിദ്ദീഖ് നന്ദി പറഞ്ഞു.