റിയാദ്– തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ വെള്ളദുരൈ (66) വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഡയന വാനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അദ്ദേഹം സ്ഥിരമായി വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഉടന്‍ തന്നെ കെ.എം.സി.സി പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും മരണാനന്തര നടപടികള്‍ക്കായി വെല്‍ഫെയര്‍ വിങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി രംഗത്തെത്തുകയുമായിരുന്നു. റെഡ് ക്രസന്റ് അധികൃതര്‍ സ്ഥലത്തെത്തി മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
വെള്ളദുരൈയുടെ മാതാപിതാക്കളും ഭാര്യയും നേരത്തെ മരിച്ചതാണ്. സുദലൈമണി ഏക മകനാണ്. മരണവാര്‍ത്തയറിഞ്ഞതോടെ തുടര്‍ന്നുള്ള നിയമനടപടികളുമായി വെല്‍ഫെയര്‍ വിങ്ങ് റിയാദ് കെ.എം.സി.സി ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, വെല്‍ഫയര്‍ വിങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഉമ്മര്‍ അമാനത്ത്, നസീര്‍ കണ്ണീരി എന്നിവരുടെ നേതൃത്വത്തിലാണ് വെല്‍ഫെയര്‍ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി രംഗത്തുള്ളത്.



