തബൂക്ക്- കഴിഞ്ഞ അഞ്ചു വർഷമായി നാട്ടിലേക്ക് പോകാനാകാതെ ദുരിതത്തിലായ തമിഴ്നാട് സ്വദേശിക്ക് തുണയായി തബൂക്കിലെ സാമൂഹിക പ്രവർത്തകൻ. താമസരേഖയില്ലാതെ കഴിഞ്ഞ തമിഴ്നാട് പേരാംമ്പല്ലൂർ സ്വദേശി ശേഖർ കണ്ണനാണ് തബൂക്കിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ മെമ്പറും ലോക കേരള സഭാ അംഗവുമായ ഉണ്ണി മുണ്ടുപറമ്പിന്റെ ഇടപെടലിലൂടെ നാടണയാൻ സാധിച്ചത്. അഞ്ച് വർഷം മുമ്പ് ബാർബർ ഷോപ്പിൽ ജോലിക്കായി വന്ന ശേഖർ ആദ്യത്തെ പത്ത് മാസത്തോളം കുഴപ്പമില്ലാതെ സ്പോൺസറുടെ കടയിൽ ജോലിചെയ്തു. എന്നാൽ പിന്നീട് ഇഖാമ പുതുക്കാൻ പണം ആവശ്യപ്പെട്ടു. ശേഖർ പണം കൊടുത്തെങ്കിലും ഇഖാമ പുതുക്കി നൽകിയില്ല ഇഖാമ ഇല്ലാതെ പിന്നീട് ജോലി ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ മറ്റ് ജോലികൾ തേടി.
സ്പോൺസൺഷിപ്പ് മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് നാല് വർഷത്തോളം പലയിടങ്ങളിലായി ജോലി ചെയ്തു. ഇതിനിടക്ക് താമസരേഖ ഇല്ലാത്തതിന് പോലീസ് പിടികൂടുകയും ഡീപ്പോർട്ടേഷൻ സെന്ററിൽ കൊണ്ടുപോയി ഫിങ്കർ വെച്ച് വിട്ടയക്കുകയും ചെയ്തു. സ്പോൺസർഷിപ്പ് മാറാനും ഇഖാമ പുതുക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് നാട്ടിലേക്ക് പോകാൻ വഴി തേടി ശേഖർ ഉണ്ണി മുണ്ടുപറമ്പിലിനെ സമീപിച്ചത്. ഉണ്ണി ശേഖറിനെയും കൂട്ടി തബൂക്ക് ലേബർ കോടതി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ അവതരിപ്പിച്ചു കേസ് ഫയലിൽ സ്വീകരിച്ചു പത്ത് ദിവസത്തിനുള്ളിൽ ഫൈനൽ എക്സിറ്റ് നൽകാനുള്ള അനുമതി ലഭിച്ചു . ഡീപോർട്ടേഷൻ സെന്ററിൽ എക്സിറ്റിനു ചെന്നപ്പോൾ മൂന്ന് വർഷം മുമ്പ് ഫിങ്കർ വെച്ചതുമായി ബന്ധപ്പെട്ട് ആയിരം റിയാൽ ഫൈൻ നിലവിലുണ്ടായിരുന്നു. ഉടനെ ബാങ്കിൽ പോയി ഫൈൻ അടച്ചു ചെക്കുമായി ഡീ പോർട്ടേഷൻ സെന്ററിൽ ചെന്ന് ഫൈനൽ എക്സിറ്റ് വാങ്ങി നൽകി. ഇക്കഴിഞ്ഞ ദിവസം തബുക്കിൽ നിന്ന് എയർ അറേബ്യയിൽ ഷാർജ വഴി ചെന്നൈയിലേക്ക് യാത്രയായി.