ജിസാൻ: വസ്‌ത്രം അലക്കുന്നതിനിടെ വാഷിംഗ് മെഷീനിൽനിന്ന് വൈദ്യുതാഘാതമേറ്റ് കഴിഞ്ഞ ഡിസംബർ 20 ന് ജിസാനിൽ മരണമടഞ്ഞ ആലപ്പുഴ പുറക്കാട് തോട്ടപ്പള്ളി സ്വദേശി സുമേഷ് സുകുമാരന്റെ (39) മൃതദേഹം നാളെ ജിസാനിൽനിന്ന് ജിദ്ദ വഴി കൊച്ചിയിലേക്ക് അയക്കും. അബൂഅരീഷ് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ഉച്ചക്ക് ജിസാൻ കിംഗ് അബ്ദുള്ള അന്തർദേശീയ വിമാനത്താളത്തിൽനിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദ വഴി തിങ്കാളാഴ്ച രാവിലെ 9-ന് കൊച്ചിയിലെത്തിക്കും. സുമേഷിന്റെ മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ സ്വദേശമായ തോട്ടപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ സംസ്‌കരിക്കും.
അപകടമരണമായതിനാൽ ജിസാൻ പബ്ലിക് പ്രോസിക്യൂഷന്റെയും സൗദി കുറ്റാന്വേഷണ വിഭാഗത്തിന്റേയും അന്വേഷണ നടപടികൾ പൂർത്തിയാക്കേണ്ടി വന്നതിനാലാണ് മൃതദേഹം നാട്ടിലയക്കാൻ കാലതാമസം നേരിട്ടത്. മൃതദേഹത്തിന്റെ രാസ പരിശോധനയുടെയും ഫോറൻസിക് പരിശോധനയുടെയും ഫലങ്ങൾ വിലയിരുത്തിയ ശേഷം മറ്റ് അന്വേഷണ നടപടികളും പൂർത്തിയാക്കി പൊലീസിന്റെ അന്തിമ അനുമതി ലഭിച്ചത് രണ്ടു ദിവസം മുമ്പ് മാത്രമാണ്. മൃതദേഹം നാട്ടിലയക്കാൻ വൈകിയ സാഹചര്യത്തിൽ ബന്ധുക്കൾ ജനപ്രതിനിധിനികളുടെ സഹായത്തോടെ കേന്ദ്ര വിദേശകാര്യ വകുപ്പിന് പരാതി നൽകിയിരുന്നു. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയും കോൺസുലേറ്റ് ഉദ്യോഗസ്ഥരും ജിസാൻ ഗവർണറേറ്റിലും പോലീസിലും നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. കോൺസുലേറ്റിന്റെ സഹായത്തോടെ കമ്പനിയുമായി ബന്ധപ്പെട്ട് ജിസാനിലെ സാമൂഹിക പ്രവർത്തകരാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. സുമേഷിന്റെ സഹപ്രവർത്തകനും ഹരിപ്പാട് സ്വദേശിയുമായ ജി.ഗിരീഷ് കുമാർ നായർക്കാണ് നാട്ടിൽ നിന്ന് ബന്ധുക്കൾ മുക്ത്യാർ പത്രം നൽകിയിരുന്നത്.
ഖമീസ് മുഷൈത്തിലുള്ള അൽഹിഷാം കോൺട്രാക്റ്റിംഗ് കമ്പനിയുടെ ജിസാൻ പ്രൊജക്ടിൽ അലൂമിയം ഫാബ്രിക്കേഷൻ ടെക്‌നീഷ്യനായിരുന്നു സുമേഷ്. അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രിക്ക് സമീപമുള്ള കമ്പനിയുടെ താമസസ്ഥലത്താണ് വാഷിംഗ്‌മെഷീനിൽനിന്ന് വൈദ്യുതാഘാതമേറ്റത്. അപകട സമയത്ത് കമ്പനിയിലെ സഹപ്രവർത്തകരെല്ലാം നമസ്‌കാരത്തിനായി പള്ളിയിൽ പോയിരുന്നതിനാൽ സുമേഷ് ഒറ്റയ്ക്കായിരുന്നു. റൂമിലുള്ളവർ തിരികെയെത്തിയപ്പോൾ വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ സുമേഷിനെ ഉടൻ കിംഗ്‌ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഒമ്പതു വർഷമായി ജിസാനിൽ ജോലിചെയ്യുന്ന സുമേഷ് ആലപ്പുഴ തോട്ടപ്പള്ളി ദേവസപ്പറമ്പ് വീട്ടിൽ സുകുമാരന്റെയും ഷൈനിയുടെയും മകനാണ്. കാവ്യയാണ് ഭാര്യ. മകൻ സിദ്ധാർഥ് (7). സഹോദരി-അശ്വതി