ജിദ്ദ – സൗദി അറേബ്യ അടക്കം ചൂടുള്ള തീരദേശങ്ങളിലെ ആഴങ്ങളിൽ നീന്തിത്തുടിക്കുന്ന ഡുഗോങ്ങുകളെ അറിയാമോ. ഡുഗോങ് ഡുഗോണ്‍ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഡുഗോങ്, സൗദി അറേബ്യയുടെ ജൈവവൈവിധ്യത്തിന്റെ പ്രതീകമാണ്. സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യവും സ്ഥിരതയും പ്രതിഫലിപ്പിക്കുന്ന പാരിസ്ഥിതിക സൂചകമാണ് ഇവ. കഥയുടെ അത്ഭുതവും ശാസ്ത്രത്തിന്റെ പ്രാധാന്യവും സംയോജിപ്പിച്ച് ജനപ്രിയ ഭാവനയില്‍ ഡുഗോങിന്റെ സാന്നിധ്യം സമുദ്ര പുരാണങ്ങളുമായും പരിസ്ഥിതി യാഥാര്‍ഥ്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
2025 ലെ പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ പരിപാടികള്‍ ഡുഗോങുകളെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലേക്ക് വെളിച്ചംവീശി. വംശനാശഭീഷണി നേരിടുന്ന ഈ ജീവിവര്‍ഗത്തിന്റെ സംരക്ഷണം ഗവേഷകര്‍, വിദഗ്ധര്‍, പരിസ്ഥിതി തീരുമാനമെടുക്കുന്നവര്‍ എന്നിവര്‍ക്കിടയിലെ സംയുക്ത ഉത്തരവാദിത്തമാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് ഡെവലപ്മെന്റ് ഈ ജീവിവര്‍ഗത്തെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കാനായി പ്രത്യേക പ്രോഗ്രാമുകള്‍ നടപ്പാക്കുന്നു.

സൗദിയിലെ ജലാശയങ്ങളില്‍ ഇവയുടെ സാന്നിധ്യം നിരീക്ഷിക്കുന്ന ഉപഗ്രഹ ട്രാക്കിംഗ് പ്രോജക്ടുകള്‍, ശാസ്ത്രീയ പഠനങ്ങള്‍, സമുദ്ര പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതികൾ. മൂന്നു മീറ്റര്‍ വരെ നീളവും 300 കിലോഗ്രാം മുതല്‍ 500 കിലോഗ്രാം വരെ ഭാരവുമുള്ള ഒരു സിലിണ്ടര്‍ ശരീരമാണ് ഡുഗോങിനുള്ളത്. കട്ടിയുള്ള തൊലിയും തിമിംഗലത്തെ പോലെയുള്ള വാലും ഇതിന്റെ സവിശേഷതയാണ്. ഈ ജീവി ചെറിയ കൂട്ടങ്ങളായി ജീവിക്കുന്നു. ഇവയുടെ പ്രധാന ഭക്ഷണം കടല്‍പ്പുല്ലാണ്. കടല്‍പ്പുല്ലിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങള്‍ക്കിടയില്‍ ഇവ സഞ്ചരിക്കുന്നു. പ്രതിദിനം 40 കിലോഗ്രാം വരെ കടല്‍പുല്ല് ഒരു ഡുഗോങ് ഉപയോഗിക്കുന്നു. കടലാമകള്‍, ക്രസ്റ്റേഷ്യനുകള്‍ തുടങ്ങിയ മറ്റു സമുദ്രജീവികള്‍ ആശ്രയിക്കുന്ന കടല്‍പ്പുല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.
ദുഗോങ് പാരിസ്ഥിതിക മാറ്റങ്ങളോട് വളരെ സെന്‍സിറ്റീവ് ആണ്. സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശം, സമുദ്ര മലിനീകരണം, ബോട്ടുകളുമായുള്ള കൂട്ടിയിടികള്‍, ബൈക്യാച്ച് എന്നിവ ലോകത്തിന്റെ പല ഭാഗങ്ങളിലും ഡുഗോങുകളുടെ എണ്ണം കുറയാന്‍ കാരണമായി. ചില പരിതസ്ഥിതികള്‍ ഡുഗോങുകളുടെ വംശനാശത്തിലേക്ക് നയിച്ചു. ഈ ജീവിയെ സംരക്ഷിക്കാനും സമുദ്ര ജൈവവൈവിധ്യത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയില്‍ അവയുടെ തുടര്‍ച്ച ഉറപ്പാക്കാനും ദേശീയ, അന്തര്‍ദേശീയ ശ്രമങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.
സൗദി അറേബ്യയുടെ സമുദ്രജലം ഈ ജീവിയെ പോഷിപ്പിക്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നു. അറേബ്യന്‍ ഉള്‍ക്കടലിലെ ജലാശയങ്ങള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ഡുഗോങ് കൂട്ടത്തിന്റെ ആവാസ കേന്ദ്രമാണ്. അറേബ്യന്‍ ഉള്‍ക്കടലില്‍ 6,000 നും 7,000 നും ഇടയില്‍ എണ്ണം ഡുഗോങുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഡുഗോങുകള്‍ക്ക് സമ്പന്നമായ കടല്‍ മേച്ചില്‍പ്പുറങ്ങളും ഋതുഭേദപ്രകാരമുള്ള കുടിയേറ്റത്തിന് ആവശ്യമായ ആപേക്ഷിക സ്ഥിരതയും അറേബ്യന്‍ ഉള്‍ക്കടല്‍ നല്‍കുന്നു.
ഈ ഘടകങ്ങളെല്ലാം ഉണ്ടെങ്കിലും ഡുഗോങുകളുടെ പ്രത്യുല്‍പാദന നിരക്ക് വളരെ കുറവാണ്. പതിമൂന്ന് മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ഗര്‍ഭകാലത്തിനുശേഷം പെണ്‍ ഡുഗോങ് ഒരു കുഞ്ഞിന് മാത്രമേ ജന്മം നല്‍കൂ. പതിനെട്ട് മാസം വരെ കുഞ്ഞിന് പരിചരണം ആവശ്യമാണ്. ഇണചേരല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ സംഭവിക്കുന്നുള്ളൂ. ഇത് അവയുടെ ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാക്കുന്നു. ഏറ്റവും നല്ല സാഹചര്യങ്ങളില്‍ പോലും ജനസംഖ്യാ വളര്‍ച്ച പ്രതിവര്‍ഷം അഞ്ച് ശതമാനത്തില്‍ കൂടില്ല.
ഡുഗോങുകളെ സംരക്ഷിക്കാന്‍ സൗദി അറേബ്യ പതിറ്റാണ്ടുകളായി പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ വൈല്‍ഡ്ലൈഫ് കണ്‍സര്‍വേഷന്‍ ആന്റ് ഡെവലപ്മെന്റാണ് തുടക്കത്തില്‍ ഈ മേഖലയിലെ സംയോജിത ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇപ്പോള്‍ ഈ ചുമതല നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് ഡെവലപ്മെന്റ് വഴി തുടരുന്നു. സാമൂഹിക അവബോധ പരിപാടികള്‍, പരിസ്ഥിതി നിരീക്ഷണം, ഡുഗോങുകളെ വേട്ടയാടിയാല്‍ പത്തു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തല്‍ ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമനിര്‍മാണം എന്നിവ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് ഡെവലപ്മെന്റ് നടത്തുന്ന ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു.
ഈ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ ശ്രദ്ധിക്കുന്നു. 2013 ല്‍ ഈ ജീവിവര്‍ഗത്തെയും അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കാനുള്ള കരാറില്‍ സൗദി അറേബ്യ ഒപ്പുവെച്ചു. 2011 ല്‍ ഇന്റര്‍നാഷണല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആരംഭിച്ച പസഫിക് ഡുഗോങിന്റെ വര്‍ഷം എന്ന ശീര്‍ഷകത്തിലുള്ള ഇനീഷ്യേറ്റീവ് ഉള്‍പ്പെടെയുള്ള ആഗോള പരിസ്ഥിതി സംരംഭങ്ങളില്‍ സൗദി അറേബ്യ സജീവമായി പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് ഡെവലപ്മെന്റ് ഡുഗോങുകളെ കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സന്ദര്‍ശകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും അവബോധ പരിപാടികള്‍ നടത്തുകയും ചെയ്തു. പാരിസ്ഥിതിക സന്തുലിതാവസ്ഥയില്‍ ഈ ജീവിയുടെ പ്രാധാന്യത്തിലും അതിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലും ഈ പരിപാടികള്‍ ശ്രദ്ധയൂന്നി. ഡുഗോങുകളുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും മനസ്സിലാക്കാനും ഉപയോഗിക്കുന്ന ആധുനിക ട്രാക്കിംഗ് സാങ്കേതികവിദ്യകളും സെന്റര്‍ പ്രദര്‍ശിപ്പിച്ചു. സൗദിയില്‍ കാണപ്പെടുന്ന അപൂര്‍വ ജീവജാലങ്ങളെയും ജൈവവൈവിധ്യത്തെയും ഉയര്‍ത്തിക്കാട്ടുന്ന പ്രോഗ്രാമുകളിലൂടെ പരിസ്ഥിതി അവബോധം പ്രചരിപ്പിക്കാനും വന്യജീവി സംരക്ഷണ സംസ്‌കാരം പ്രോത്സാഹിപ്പിക്കാനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണിത്.
ഡുഗോങ് ഒരു അപൂര്‍വ കടല്‍ജീവി മാത്രമല്ല. നമ്മുടെ പരിസ്ഥിതി അവബോധത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയും പ്രകൃതിയുമായുള്ള ബന്ധത്തില്‍ നമുക്കെല്ലാവര്‍ക്കും ആവശ്യമായ സന്തുലിതാവസ്ഥയുടെ ജീവിക്കുന്ന സാക്ഷിയുമാണിവ. അതിന്റെ തുടര്‍ച്ചയായ അതിജീവനം വെറുമൊരു ശാസ്ത്രീയ നേട്ടമല്ല, മറിച്ച്, ദീര്‍ഘകാല പ്രതിബദ്ധതയുടെ കഥയാണ്. വന്യജീവി സംരക്ഷണം ഒരു ഓപ്ഷനല്ലെന്നും അത് ഒരു ദേശീയ കടമയാണെന്നും രാജ്യം അനുദിനം തെളിയിക്കുന്നു. ഓരോ തിരമാലയിലും ഓരോ കടല്‍ക്കാറ്റിലും ജീവിതത്തിന്റെ ഓരോ സ്പന്ദനത്തിലും പുതുക്കപ്പെടുന്ന ഒരു മഹത്തായ പരിസ്ഥിതി സന്ദേശമാണിത്.