റിയാദ് – യെമനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ സമ്മാനിച്ചുകൊണ്ട് സതേൺ ട്രാൻസിഷണൽ കൗൺസിൽ തലവൻ ഹൈദ്രൂസ് അൽസുബൈദിയെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിൽ നിന്ന് പുറത്താക്കി. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അൽസുബൈദിയെ പുറത്താക്കിയത്. ഇദ്ദേഹത്തോടൊപ്പം ഗതാഗത മന്ത്രി അബ്ദുസ്സലാം ഹമീദ്, ആസൂത്രണ മന്ത്രി വഅദ് ബദീബ് എന്നിവരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യെമന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചെന്നും സായുധ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഗൂഢാലോചന നടത്തിയെന്നുമാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം.
റിയാദിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കാനിരുന്ന സമാധാന ചർച്ചകളിൽ പങ്കെടുക്കാമെന്ന് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ അൽസുബൈദി അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലിക്കി വെളിപ്പെടുത്തി. ചർച്ചകൾക്കായി എസ്.ടി.സി പ്രതിനിധി സംഘം വിമാനത്താവളത്തിൽ എത്തിയെങ്കിലും അൽസുബൈദി അവർക്കൊപ്പം ഉണ്ടായിരുന്നില്ല. ഈ സമയത്ത് ജബൽ ഹദീദിലെയും അൽസൊൽബാനിലെയും ക്യാമ്പുകളിൽ നിന്ന് വൻ ആയുധശേഖരവും യുദ്ധവാഹനങ്ങളും അദ്ദേഹം അൽദാലിഇലേക്ക് നീക്കിയതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഏദനിൽ സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് അൽസുബൈദി അനുയായികൾക്ക് ആയുധങ്ങൾ വിതരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
അൽസുബൈദിയുടെ നിർദ്ദേശപ്രകാരം നീങ്ങിയ സൈനിക യൂണിറ്റുകളെ തടയാൻ സഖ്യസേന അൽദാലിഇൽ മുൻകരുതൽ ആക്രമണങ്ങൾ നടത്തി. സംഘർഷം വ്യാപിക്കുന്നത് തടയാനാണ് ഈ നടപടിയെന്ന് സഖ്യസേന വിശദീകരിച്ചു. എന്നാൽ തന്റെ നേതാവ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയെന്ന വാർത്തകൾ എസ്.ടി.സി നിഷേധിച്ചു. ഹൈദ്രൂസ് അൽസുബൈദി ഏദനിൽ തന്നെയുണ്ടെന്നും സുരക്ഷ ഉറപ്പാക്കാൻ ജനങ്ങൾക്കൊപ്പം തുടരുകയാണെന്നുമാണ് എസ്.ടി.സി വിഭാഗത്തിന്റെ വിശദീകരണം. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ നാഷണൽ ഷീൽഡ് ഫോഴ്സുമായി സഹകരിക്കാൻ യെമൻ വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാൻ അൽമഹ്റാമിയോട് സഖ്യസേന അഭ്യർത്ഥിച്ചു.



