റിയാദ് : ആറ് വർഷത്തിലേറെ കാലമായി നാടണയാൻ കഴിയാതെ ബുദ്ധിമുട്ടിലായ നൂറോളം പ്രവാസി സമൂഹത്തെ ചേർത്ത് പിടിച്ച് സോനാ ജ്വല്ലറി ഒരുക്കിയ ഇഫ്താർ ശ്രദ്ധേയമായി. റിയാദിൽ വർഷങ്ങളോളം നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പ്രമുഖ കമ്പനിയിലെ തൊഴിലാളികൾക്കാണ് സോന ജ്വല്ലറി നോമ്പുതുറ ഒരുക്കിയത്. ആയിരകണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനം കോവിഡ് മഹാമാരിയുടെ തൊട്ടുമുമ്പാണ് തകർച്ചയിലേക്ക് വീണത്. നിരവധി പേർ സ്വദേശത്തേക്ക് മടങ്ങിയെങ്കിലും ഇഖാമ തീർന്ന നൂറോളം തൊഴിലാളികൾ ഇനിയും നാടണയാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലെ തൊഴിലാളികൾ ഈ ക്യാമ്പിൽ കഴിയുന്നുണ്ട്. സോനാ ജ്വല്ലറി മാനേജിംഗ് ഡയറക്ടർ വിവേക്, മാർക്കറ്റിംഗ് മാനേജർ ജിൻഷാദ്, ചീഫ് അക്കൗണ്ടൻ്റ് സുരേഷ് കുമാർ, മനു വിശ്വം തുടങ്ങിയവരുടെ നേതൃത്വത്തിൽ സോനയിലെ മുഴുവൻ തൊഴിലാളികളും, ന്യൂ സനയ്യ മേഖലയിലെ മുഖ്യധാരാ സംഘടനാ പ്രവർത്തകരും ഭാരവാഹികളും ഇഫ്താറിൽ പങ്കാളികളായി. ക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്ക് ഇഫ്താറിന് ശേഷം അവശ്യ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റും വിതരണം ചെയ്തു.