ജിദ്ദ – സൗദിയില്‍ സ്മാര്‍ട്ട് വാച്ചുകള്‍ യുവാക്കള്‍ അടക്കമുള്ളവരുടെ പ്രിയം പിടിച്ചുപറ്റുകയും വില്‍പന ഉയരുകയും ചെയ്തതോടെ ഒരു കാലത്ത് വിപണി കൈയടക്കിയിരുന്ന വിലകൂടിയ ആഡംബര വാച്ചുകളുടെ വില്‍പന കുത്തനെ കുറഞ്ഞു. ആരോഗ്യ വശവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൂടി നല്‍കുന്ന സ്മാര്‍ട്ട് വാച്ചുകളുടെ വിപണിയിലേക്കുള്ള പ്രവേശനവും അവയുടെ മത്സര വിലയും ആഡംബര വാച്ച് വില്‍പനയെ ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ആഡംബര വാച്ചുകളോട് ഇപ്പോഴും താല്‍പര്യം കാണിക്കുന്ന ഒരു വിഭാഗമുണ്ട്. എന്നാല്‍ ഇവര്‍ കുറവാണ്.
സ്വിസ്സ് കമ്പനിയായ റോളക്‌സ്, ബ്രെറ്റ്‌ലിംഗ്, പാടെക് ഫിലിപ്പ്, കാര്‍ട്ടിയര്‍, ഒമേഗ, സീക്കോ, കാസിയോ, സിറ്റിസണ്‍, ഹബ്ലോട്ട് തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള ഡിസൈനുകളുള്ള വാച്ചുകള്‍ നിര്‍മിക്കുന്നതിന് പേരുകേട്ട കമ്പനികളില്‍ നിന്ന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വാച്ചുകളുടെ ഏറ്റവും പ്രശസ്തമായ ബ്രാന്‍ഡുകള്‍ സൗദിയിലെ ഏജന്റുമാര്‍ ഇറക്കുമതി ചെയ്യുന്നു. ചരിത്രത്തിലുടനീളം ഈ ബ്രാന്‍ഡുകള്‍ അവയുടെ നിര്‍മാണത്തിന്റെയും ഡിസൈനുകളുടെയും ഗുണനിലവാരം നിലനിര്‍ത്തിയിട്ടുണ്ട്. വിശിഷ്ട വ്യക്തികളുടെയും രാഷ്ട്രീയ, കായിക, സാമ്പത്തിക, ബിസിനസ് മേഖലകളിലെ പ്രമുഖരുടെയും സാംസ്‌കാരിക, കലാ നായകരുടെയും സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടെയും ഏറ്റവും ഇഷ്ടപ്പെട്ട ബ്രാന്‍ഡുകളായി ഇവ മാറുന്നു. ഈ ബ്രാന്‍ഡുകള്‍ സ്വന്തമാക്കാന്‍ ഇവര്‍ മത്സരിക്കുന്നു.
ആഡംബര വാച്ചുകളുടെ ഇറക്കുമതി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 180 കോടി റിയാല്‍ വിലവരുന്ന 4,47,000 ആഡംബര വാച്ചുകളാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. 2022 ല്‍ 13.8 ലക്ഷം ആഡംബര വാച്ചുകള്‍ ഇറക്കുമതി ചെയ്തിരുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ 65,900 ആഡംബര വാച്ചുകളാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതില്‍ 96.1 ശതമാനവും സ്വിസ്സ് വാച്ചുകളാണ്. സ്വിസ്സ് കമ്പനികള്‍ നിര്‍മിച്ച 60,800 ആഡംബര വാച്ചുകള്‍ ആദ്യ പാദത്തില്‍ ഇറക്കുമതി ചെയ്തു. ജര്‍മനിയില്‍ നിന്ന് 55 ഉം യു.എ.ഇയില്‍ നിന്ന് 206 ഉം ഫ്രാന്‍സില്‍ നിന്ന് 761 ഉം ഇറ്റലിയില്‍ നിന്ന് 635 ഉം ആഡംബര വാച്ചുകളും ആദ്യ പാദത്തില്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്തു.
സ്മാര്‍ട്ട് വാച്ചുകളുടെ രംഗപ്രവേശനം സൗദിയില്‍ ആഡംബര വാച്ചുകളുടെ വില്‍പനയെ ബാധിച്ചതായി കാസിയോ കമ്പനി ഏജന്‍സിയായ മഹ്മൂദ് ആബാര്‍ കമ്പനി മുന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ബാസുറ പറയുന്നു. സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ആഗോള തലത്തില്‍ പ്രിയം വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യ വശങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ഖിബ്‌ല ദിശ നിര്‍ണയിക്കല്‍ അടക്കം പരമ്പരാഗത, ആഡംബര വാച്ചുകളില്‍ നിന്ന് വേര്‍തിരിക്കുന്ന നിരവധി സേവനങ്ങള്‍ സ്മാര്‍ട്ട് വാച്ചുകള്‍ നല്‍കുന്നു. സ്മാര്‍ട്ട് വാച്ചുകളുടെയും ആഡംബര വാച്ചുകളുടെയും വിലകള്‍ തമ്മില്‍ വലിയ അന്തരവുമുണ്ട്. സൗദി അറേബ്യയിലെ സാങ്കേതിക വികാസവും ഡിജിറ്റല്‍ പരിവര്‍ത്തനവും നൂതന സാങ്കേതികവിദ്യകള്‍ക്കുള്ള വലിയ ഡിമാന്റും വിപണി ആവശ്യവും കാരണം സൗദിയിലെ വാച്ച് വിപണി ഇറക്കുമതി പ്രധാനമായും സ്മാര്‍ട്ട് വാച്ചുകളിലേക്ക് നീങ്ങിയതായും മുഹമ്മദ് ബാസുറ പറഞ്ഞു.
ആഡംബര വാച്ച് കമ്പനികളും ഇപ്പോള്‍ ഇപ്പോള്‍ യുവാക്കളുടെ മോഹങ്ങള്‍ നിറവേറ്റുന്ന സ്മാര്‍ട്ട് വാച്ചുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അല്‍കോബാറില്‍ ആഡംബര വാച്ച് വില്‍പന കേന്ദ്രത്തില്‍ സെയില്‍സ് സൂപ്പര്‍വൈസറായ സുലൈമാന്‍ അല്‍അലി പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി സ്മാര്‍ട്ട് വാച്ചുകള്‍ സൗദികളുടെ ഇഷ്ടം നേടാന്‍ തുടങ്ങിയിട്ടുണ്ട്. വിലയേറിയ ലോഹങ്ങളില്‍ നിര്‍മിച്ച ഓട്ടോമാറ്റിക്, സോളാര്‍, ബാട്ടറി ക്ലാസിക് വാച്ചുകള്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. സമയം അറിയാനല്ല ആളുകള്‍ ഇപ്പോള്‍ വാച്ചുകള്‍ വാങ്ങുന്നത്. മറിച്ച്, സാമൂഹികവും ഔദ്യോഗികവുമായ ചടങ്ങുകളില്‍ ചാരുത കാണിക്കാനാണ് ആളുകള്‍ ഇപ്പോള്‍ വാച്ചുകള്‍ ഉപയോഗിക്കുന്നതെന്ന് സുലൈമാന്‍ അല്‍അലി പറഞ്ഞു.
ആഡംബര വാച്ചുകള്‍ നന്നാക്കാനുള്ള ചെലവ് ഏറെ കൂടുതലാണ്. ഇത്തരം വാച്ചുകളുടെ റിപ്പയര്‍ ജോലികള്‍ക്ക് 5,000 റിയാല്‍ മുതലാണ് ഈടാക്കുന്നതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അബ്ദുല്ല അല്‍ഗാംദി പറഞ്ഞു. ആഡംബര വാച്ചുകളുടെ സവിശേഷതയായ നിര്‍മാണത്തിന്റെയും ഡിസൈനുകളുടെയും കരുത്ത് കാരണം ഇത്തരം വാച്ചുകളില്‍ അത്യപൂര്‍വമായി മാത്രമേ ഒന്നിലധികം തവണ റിപ്പയര്‍ ജോലികള്‍ നടത്തേണ്ടിവരികയുള്ളൂ. ആഡംബര വാച്ചുകളുടെ റിപ്പയര്‍ ജോലികള്‍ക്ക് വാച്ചിന്റെ എല്ലാ ഭാഗങ്ങളുടെയും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെയും കുറിച്ച് നല്ല അറിവ് ആവശ്യമാണ്. 20,000 റിയാല്‍ മുതല്‍ വില ആരംഭിക്കുന്ന ഒരു അന്താരാഷ്ട്ര ഉല്‍പന്നമാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ഇവയുടെ റിപ്പയര്‍ ചെലവ് സാധാരണയായി കൂടുതലാണ്. നൂതന സാങ്കേതികവിദ്യകളുള്ള ആഡംബര വാച്ചുകള്‍ ചിലപ്പോള്‍ റിപ്പയര്‍ ജോലികള്‍ക്ക് വാച്ച് ഫാക്ടറിയിലേക്ക് തന്നെ അയക്കാറുണ്ട്. സാദാടെക്‌നീഷ്യന്മാര്‍ക്ക് ഇത്തരം വാച്ചുകളില്‍ റിപ്പയര്‍ ജോലികള്‍ നടത്താന്‍ കഴിയില്ലെന്നും അബ്ദുല്ല അല്‍ഗാംദി പറഞ്ഞു.